Skip to main content
ഫോട്ടോ - മില്‍ക്കോ ബ്രാന്‍ഡ് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലെ  പ്രാദേശിക പ്രത്യേകത ഉള്‍ക്കൊണ്ടുള്ള  സംരംഭങ്ങളാണ് ലക്ഷ്യമെന്ന്  മന്ത്രി എം.ബി രാജേഷ്

ഒരു തദ്ദേശം ഒരു ആശയം എന്നതാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ മുദ്രാവാക്യമെന്നും ഓരോ തദ്ദേശസ്ഥാപന പരിധിയിലെ  പ്രാദേശികമായ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ട് ഒരോ സംരംഭം എന്നതാണ് ലക്ഷ്യമെന്നും തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ്, ക്ഷീര വികസന വകുപ്പ്, കുടുംബശ്രീ മിഷന്‍, കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെ കൊഴിഞ്ഞാമ്പാറയില്‍ നടപ്പാക്കുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ മില്‍ക്കോ ബ്രാന്‍ഡ് വിപണിയിലെത്തിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന പഞ്ചായത്തുകളിലൊന്നായ കൊഴിഞ്ഞാമ്പാറയില്‍  നൂതനവും ജനങ്ങള്‍ നിരന്തരം ഉപയോഗിക്കുന്നതുമായ മൂല്യവര്‍ധിത പാല്‍ ഉത്പന്നങ്ങളാണ് മില്‍ക്കോ ബ്രാന്‍ഡിലൂടെ വിപണിയിലെത്തിക്കുന്നത്. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമുള്ള പ്രസ്ഥാനമാണ് കുടുംബശ്രീ. പുതിയതും വൈവിധ്യവുമായ മേഖലകളിലേക്ക് കുടുംബശ്രീ കടക്കണമെന്നതാണ് സര്‍ക്കാരിന്റെ നയം. സംരംഭകരെ വളര്‍ത്താന്‍ സര്‍ക്കാര്‍ വലിയ മുന്‍ഗണനയാണ് നല്‍കുന്നത്. സംരംഭകത്വം വളര്‍ത്തുന്നതില്‍ വലിയ പങ്ക് കുടുംബശ്രീക്കുണ്ട്.

മൂല്യവധിത ഉത്പന്നങ്ങളുടെ ലാഭത്തില്‍ നിന്ന് ഒരു വിഹിതം കര്‍ഷകനുള്ളതാണെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ലാഭവിഹിതം കര്‍ഷകന് നല്‍കി കേരളം ഇന്ത്യക്ക് മാതൃകയാവണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് പാല്‍, മറ്റ് ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത് തദ്ദേശ കര്‍ഷകര്‍ക്ക് ഭീഷണിയാണ്. ഇത് നേരിടാന്‍ കൃത്യമായ തയ്യാറെടുപ്പ് നടത്തണമെന്നും മന്ത്രി പറഞ്ഞു. കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയില്‍  മില്‍ക്കോ യൂണിഫോം വിതരണം, വനിതകള്‍ക്കുള്ള കറവപ്പശു ധനസഹായം എന്നിവ  ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ്. വി.മുരുകദാസ് നിര്‍വഹിച്ചു. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സതീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മാധുരി പത്മനാഭന്‍, മിനി മുരളി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.ബി പത്മജ, ക്ഷീരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജയ സുജീഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ഇന്‍ ചാര്‍ജ്ജ് മനോജ്, ഡോ. എസ് ആര്‍ മോഹന ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

date