Skip to main content
ഫോട്ടോ - വടകരപതി ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച പ്രഥമ സോളറൈസ്ഡ് വൈദ്യുതി വാഹന ചാര്‍ജിങ് സ്റ്റേഷന്‍   തദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം

സൗരോര്‍ജ്ജ ഉത്പാദന രംഗത്ത് സംസ്ഥാനം വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു: മന്ത്രി എം ബി രാജേഷ്

സൗരോര്‍ജ്ജ ഉത്പാദന രംഗത്ത് സംസ്ഥാനം വിപ്ലവകരമായ മാറ്റമാണ് സൃഷ്ടിച്ചതെന്ന് തദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. സംസ്ഥാനത്ത് 20 വര്‍ഷം മുമ്പ് ആരംഭിച്ച സൗരോര്‍ജ്ജ ഉത്പാദന പദ്ധതിയുടെ ആദ്യ സ്ഥാപിത ശേഷിയേക്കാള്‍ 140 ശതമാനം  സോളാര്‍ വൈദ്യുതിയാണ് കഴിഞ്ഞ 20 മാസംകൊണ്ട്  ഉണ്ടാക്കാനായത്. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തും കെ.എസ്.ഇ.ബി.എലും സംയുക്തമായി   വടകരപതി ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച പ്രഥമ സോളറൈസ്ഡ് വൈദ്യുതി വാഹന ചാര്‍ജിങ് സ്റ്റേഷന്‍  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സോളാര്‍ വൈദ്യുതി സാമ്പത്തിക ലാഭത്തിനൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കും. നവീനവും വ്യത്യസ്തവും മാതൃകാപരവുമായ പദ്ധതികളാണ് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്.  ജലക്ഷാമം നേരിടുന്നതിന് ചിറ്റൂരില്‍ സ്വീകരിച്ച പദ്ധതി മാതൃകയാണെന്നും ഇത് തൃത്താലയിലും പ്രാവര്‍ത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ വകുപ്പുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതാണ് തദ്ദേശ സ്വയംഭരണം. വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍ താഴെത്തട്ടിലെത്തിക്കുന്ന വകുപ്പാണ്. വ്യവസായ രംഗത്തുണ്ടായ വളര്‍ച്ചയെ കുറച്ചു കാണിക്കാനുള്ള പ്രവണതകള്‍ ശക്തമാണ്. തെറ്റായ പ്രചരണങ്ങള്‍ അത് തെറ്റാണെന്ന് തെളിഞ്ഞാലും ആവര്‍ത്തിക്കുന്നു. ഗുണഭോക്താക്കളായ ജനങ്ങള്‍ സര്‍ക്കാറിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ സ്വന്തം അനുഭവത്തിലൂടെ തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രസ്തുത പരിപാടിയില്‍ സോളാര്‍ കനോപ്പി ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഓരോ കുടുംബങ്ങളിലും ചുരുങ്ങിയ വരുമാനം ഉറപ്പാക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. ഏറ്റവും കുറഞ്ഞ ചെലവിലാണ് വൈദ്യുതി ചാര്‍ജിങ് നടത്തുക എന്നതും പ്രത്യേകതയാണ്. പുരയിട കൃഷിക്കായി മൈക്രോ ഇറിഗേഷന്‍ പദ്ധതികള്‍ അനുവദിച്ചു നല്‍കും. ആട്,കോഴി എന്നിവ വളര്‍ത്തുന്നതിന് ഒരു ശതമാനം പലിശയ്ക്ക് സഹായം ലഭിക്കും. വടകര പതിയില്‍ പച്ചക്കറിയുടെ നാനോ പ്രോസസിംഗ് യൂണിറ്റ് ആരംഭിക്കുന്നതിന് എം.എല്‍.എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ നല്‍കും. ഇതോടെ കീടനാശിനി രഹിത പച്ചക്കറി വിദേശ മാര്‍ക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്യാനാവും. മണ്ഡലത്തിലെ തിരഞ്ഞെടുത്ത 10 അങ്കണവാടികള്‍ക്ക്  സോളാര്‍ പദ്ധതികള്‍ അനുവദിക്കും. കുടുംബശ്രീ പ്രവര്‍ത്തകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് സോളാര്‍ കോള്‍ഡ് സ്റ്റോറേജ് അനുവദിച്ച്  കാര്‍ഷിക ഉത്പന്നങ്ങളുടെ സംസ്‌കരണ-വിപണന സാധ്യതകള്‍  വര്‍ദ്ധിക്കും. സോളാര്‍ കനോപ്പി ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനിലൂടെ  ഒരേസമയം മൂന്ന് കാറുകള്‍ക്കും ഒരു ഓട്ടോറിക്ഷയ്ക്കും ഒരു ഇരുചക്ര വാഹനത്തിനും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ക്ക് ചാര്‍ജിങ്  നടത്താന്‍ കഴിയും. വടകരപതി ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ് അധ്യക്ഷനായി. വടകരപ്പതി-കൊഴിഞ്ഞാമ്പാറ-പെരുമാട്ടി-നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോസി ബ്രിട്ടോ, എം.സതീഷ്, എസ്.അനീഷ, റിഷാ പ്രേംകുമാര്‍, ജില്ല പഞ്ചായത്തംഗം മാധുരി പത്മനാഭന്‍, വാര്‍ഡ് അംഗം മിനി മുരളി, റീസ് എഞ്ചിനീയര്‍ പി.സതീഷ്, റീസ് ഡയറക്ടര്‍ ആര്‍.സുകു,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
 

date