Skip to main content

ജലബജറ്റ് ജലസംരക്ഷണ പ്രവർത്തനങ്ങൾക്കും ആസൂത്രണത്തിനും വിലപ്പെട്ട രേഖ: മന്ത്രി റോഷി അഗസ്റ്റിൻ

 

ജലബജറ്റ് എന്ന ആശയം രാജ്യ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമെന്ന്  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ജലബജറ്റിനെ ആധാരമാക്കി ഹരിതകേരളം മിഷൻ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ശില്പശാലയുടെ സമാപനസമ്മേളനം തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ശുദ്ധജല ലഭ്യത കുറഞ്ഞു വരുന്നു. പ്രളയം നിയന്ത്രിക്കാൻ കഴിയാത്ത നിലയിലേക്ക് നമ്മുടെ നദികൾ മാറി. നദികളെ പഴയ കാലഘട്ടത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നതിനുള്ള പ്രവർത്തനങ്ങളാണ് നവകേരളം കർമപദ്ധതിയിൽ ഹരിത കേരളം മിഷനിലൂടെ ഏറ്റെടുത്തു നടത്തി വരുന്നത്. നമ്മുടെ കാലഘട്ടത്തിൽ ചെയ്യാവുന്ന മൂല്യമുള്ള രേഖയാണ് ജലബജറ്റ് എന്നും തദ്ദേശസ്ഥാപനങ്ങളിലെ സുപ്രധാനപ്പെട്ട ഒരു ജീവനാഡിയാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുട്ടിൽ ഗ്രാമ പഞ്ചായത്ത് ജല ബജറ്റ് റിപ്പോർട്ട് പ്രകാശനവുംജല ബജറ്റ് മാർഗരേഖയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.

ജലവിഭവ വകുപ്പ്ഭൂജല വകുപ്പ്മണ്ണ് സംരക്ഷണ മണ്ണ് പര്യവേക്ഷണ വകുപ്പ്കൃഷി വകുപ്പ്തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും  ഒരു കുടക്കീഴിൽ കൊണ്ടുവന്ന്  ജലസംരക്ഷണ മേഖലയിൽ ഏകോപന പ്രവർത്തനങ്ങളുടെ പുതിയൊരു മാതൃക തീർക്കാൻ  ജലബജറ്റിലൂടെ കഴിയുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ  വൈസ് ചെയർപേഴ്‌സണുമായ ഡോ. ടി.എൻ. സീമ പറഞ്ഞു. കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി.പി മുരളി ജലബജറ്റ് മാർഗരേഖ ഏറ്റുവാങ്ങി. മുട്ടിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടൻ ജലബജറ്റ് റിപ്പോർട്ട് ഏറ്റുവാങ്ങി. ജലവിഭവവും ഭരണവകുപ്പും ചീഫ് എഞ്ചിനിയർ പ്രിയേഷ് ആർ., CWRDM സീനിയർ സയന്റിസ്റ്റ് ഡോ. സുശാന്ത് എന്നിവർ ചടങ്ങിൽ  ആശംസ പ്രസംഗം നടത്തി. ചടങ്ങിൽ ഹരിതകേരളം മിഷൻ അസി. കോർഡിനേറ്റർ എബ്രഹാം കോശി സ്വാഗതവും നവകേരളം കർമ്മപദ്ധതി പബ്ലിക് റിലേഷൻ ഓഫീസർ  ബി. മനോജ് നന്ദിയും പറഞ്ഞു.

പി.എൻ.എക്സ്. 926/2023

date