Skip to main content

ഇരുകരയും തൊട്ട് അഴിമാവ് കടവ് പാലം: ഉദ്‌ഘാടനം അടുത്ത മാസം

എടത്തിരുത്തി - താന്ന്യം പഞ്ചായത്തുകളെ ബന്ധിപ്പിച്ച്‌ കരുവന്നൂർ പുഴയ്ക്കും കനോലി കനാലിനും കുറുകെ നിർമ്മിച്ച അഴിമാവ് കടവ് പാലം ഉദ്ഘാടനത്തിന് തയ്യാറായി. ഒരേസമയം ഇരു പഞ്ചായത്തുകളെയും രണ്ട് നിയമസഭാ മണ്ഡലങ്ങളേയും രണ്ട് പാർലമെന്റ്‌  മണ്ഡലങ്ങളേയും ബന്ധിപ്പിക്കുന്നതാണ്‌ പാലം.

പുഴ കടക്കാൻ നിവൃത്തിയില്ലാത്തതിനാൽ കിലോമീറ്ററുകളോളം സഞ്ചരിച്ചുകൊണ്ടിരുന്ന നാട്ടുകാരുടെ ചിരകാല സ്വപ്നമാണ് യാഥാർഥ്യമായത്.  സ്ഥലമേറ്റെടുപ്പ് സംബന്ധിച്ചുണ്ടായ തടസ്സങ്ങളും കോടതി വ്യവഹാരങ്ങളും പരിഹരിച്ച് 2020 സെപ്തംബർ ഒമ്പതിനാണ് പാലം നിർമാണമാരംഭിച്ചത്. കോവിഡിനെത്തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായെങ്കിലും പിന്നീട് പണി പൂർത്തീകരിച്ച്‌  ഉദ്ഘാടനത്തിനൊരുങ്ങുകയാണ്‌.

17 കോടി രൂപയാണ് പാലത്തിന്റെ നിർമാണച്ചെലവ്. ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയിലുള്ള നടപ്പാതയുമുൾപ്പെടെ 361 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് ഇത് നിർമിച്ചിരിക്കുന്നത്. പാലത്തിന്റെ വടക്കുഭാഗം തൃശൂർ ലോക്‌സഭാ മണ്ഡലം, നാട്ടിക അസംബ്ലി മണ്ഡലം, താന്ന്യം പഞ്ചായത്ത് എന്നിവയുടെയും തെക്കുഭാഗം ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിന്റെയും കയ്പമംഗലം നിയമസഭാ   മണ്ഡലത്തിന്റെയും എടത്തിരുത്തി പഞ്ചായത്തിന്റെയും ഭാഗമാണ്.

താന്ന്യം, അന്തിക്കാട്, ചാഴൂർ, പാറളം, ചേർപ്പ് പഞ്ചായത്തിലുള്ളവർക്ക് എറണാകുളത്തേക്കുള്ള യാത്രയിൽ 10 കിലോമീറ്ററിലധികം ദൂരം കുറവ് സഞ്ചരിച്ചാൽ മതിയാൽകും. താന്ന്യം പഞ്ചായത്തിന്റെ തെക്കൻ മേഖലയിലുള്ളവർക്ക് വ്യാപാരമേഖലയായ കാട്ടൂർ ചന്തയിലെത്താൻ  ഏതാനും മിനിറ്റുകൾ മതി. എടത്തിരുത്തി, കാട്ടൂർ തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് തീരദേശ ഹൈവേയിലേക്കും തൃപ്രയാർ, വാടാനപ്പള്ളി, ഗുരുവായൂർ എന്നിവിടങ്ങളിലേക്കെത്താനുള്ള എളുപ്പവഴി കൂടിയാകും ഇത്.

കനാലും പുഴയും കടവും ചേർന്ന പ്രദേശം പച്ചപ്പ് നിറഞ്ഞ് പ്രകൃതിരമണീയമാണ്. പാലം പൂർത്തിയായതോടെ നിരവധി പേരാണ് ഈ ഭാഗത്ത് സന്ദർശനത്തിനെത്തുന്നത്.  സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി അടുത്ത മാസം ഉദ്ഘാടനം നടത്തും.

date