Skip to main content

ഭിന്നശേഷിക്കാര്‍ക്കായുള്ള പദ്ധതികളെക്കുറിച്ച് സമഗ്ര അവബോധം വേണം: ഹണി എം. വര്‍ഗീസ്

 

ഭിന്നശേഷി അവകാശ നിയമം-സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോധവത്കരണ ക്ലാസ് 

 

ഭിന്നശേഷിക്കാര്‍ക്കുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ഭിന്നശേഷിക്കാര്‍ക്കായുള്ള അവകാശ നിയമത്തെക്കുറിച്ച് സമഗ്രമായ അവബോധം അനിവാര്യമാണെന്ന് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഹണി എം. വര്‍ഗീസ്. സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തില്‍ 2016 ലെ ഭിന്നശേഷിക്കാര്‍ക്കായുള്ള അവകാശ നിയമം സംബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 

ഭിന്നശേഷിക്കാര്‍ക്കായുളള അവകാശ നിയമത്തെക്കുറിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവബോധം ലഭിക്കുക അവര്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ യഥാസമയം ഗുണഭോക്താക്കളിലെത്തിക്കാനാകും. 

ഭിന്നശേഷിക്കാര്‍ക്കായുള്ള അവകാശ നിയമം 2016 മായി ബന്ധപ്പെട്ട കേസുകള്‍ വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി സ്ഥാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ അഡീഷണല്‍ ജില്ലാ കോടതി-6 ആണ് ഇത്തരം കേസുകള്‍ വിചാരണ ചെയ്യുന്നത്. ഡിസബിലിറ്റിയില്‍ നിന്ന് ഡിഫറന്റ്‌ലി ഏബിള്‍ഡ് എന്ന തിരിച്ചറിവിലേക്ക് നാം എത്തി. സാധാരണ വ്യക്തികളേക്കാള്‍ കഴിവുള്ളവരാണ് ഭിന്നശേഷിക്കാര്‍. ഭിന്നശേഷിക്കാര്‍ക്കായുള്ള ആനുകൂല്യങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളിലുമെത്തണമെന്നും അവര്‍ പറഞ്ഞു.

എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ ഭിന്നശേഷി സൗഹൃമാകണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ വികസന കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കുള്ള അവകാശങ്ങളെക്കുറിച്ച് ബോധവത്കരണം ശക്തമാക്കണം. അവര്‍ക്കുള്ള ആനുകൂല്യങ്ങളും നീതിയും സമയബന്ധിതമായി ലഭ്യമാക്കണം. സര്‍ക്കാര്‍ പദ്ധതികള്‍  ഭിന്നശേഷിക്കാര്‍ക്ക് പ്രയോജനകരമാകുന്ന വിധത്തില്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നശേഷി കലാകാരിയായ ജീലുമോള്‍ വരച്ച ജില്ലാ കളക്ടറുടെയും പ്രിന്‍സിപ്പല്‍ സെഷന്‍സ് ആന്റ് ഡിസ്ട്രിക്ട് ജഡ്ജിന്റെയും കാരിക്കേച്ചറുകള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. 

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന 100 ദിനകര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 14 ജില്ലകളിലേയും സിവില്‍ സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായി സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സഹകരണത്തോടെ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നത്. 

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാബകേശന്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍, സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ രഞ്ജിത് കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date