Skip to main content

വിവ ക്യാമ്പയിന്‍: ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് 6 ന്

വിളര്‍ച്ച മുക്ത കേരളത്തിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'വിവ' (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനെക്കുറിച്ച് കൂടിയാലോചിക്കുന്നതിനായി ജില്ലാതല കോഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 6 മാസത്തിനകം ജില്ലയിലെ 15 മുതല്‍ 59 വയസുവരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പ് വരുത്താനും തീരുമാനിച്ചു. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് 6 ന് നടക്കും. മാര്‍ച്ച് 10 നകം തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലുള്ള ഉദ്ഘാടനങ്ങള്‍ നടത്തും. മാര്‍ച്ച് 31 നകം ആശ, കുടുംബശ്രീ, മറ്റ് സംഘടിത ഗ്രൂപ്പുകളിലും സ്ഥാപനങ്ങളിലും ക്യാമ്പ് പൂര്‍ത്തിയാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജൂണ്‍ 30 നകം ക്യാമ്പ് പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു. ഏപ്രില്‍ 1 ന് പൊതുജനങ്ങള്‍ക്കുള്ള ഹീമോഗ്ലോബിന്‍ പരിശോധനാ ക്യാമ്പ് തുടങ്ങും.
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ സ്ത്രീകളോടൊപ്പം പുരുഷന്‍മാരുടെയും വിളര്‍ച്ച പരിശോധിക്കും. ഇതോടൊപ്പം പ്രത്യേകമായി  സിക്കിള്‍ സെല്‍ അനീമിയ, ഹീമോഫീലിയ, താലാസീമിയ തുടങ്ങിയ രക്തജന്യ രോഗങ്ങളുടെ പരിശോധനയും നടത്തും. 'വിവ' ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് 6 ന് രാവിലെ 9.45 ന് കളക്ട്രേറ്റില്‍ ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വഹിക്കും. ക്യാമ്പയിന്റെ ഭാഗമായി മാര്‍ച്ച് 6 ന് കളക്ട്രേറ്റില്‍ 15 നും 59 നും  ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിളര്‍ച്ച പരിശോധന നടത്തും. ഡി.എം.ഒ ഡോ. പി. ദിനീഷ്, ഡി.പി.എം ഡോ. സമീഹ സെയ്തലവി, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date