Skip to main content

പുതിയ ജില്ലാ കലക്ടറുടെ ആദ്യ ഇടപെടല്‍ കുട്ടികള്‍ക്കു വേണ്ടി; 15 സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ ഒരുക്കും

പുതിയ ജില്ലാ കലക്ടറായി ചാര്‍ജെടുത്ത വി ആര്‍ കൃഷ്ണ തേജയുടെ ജില്ലയിലെ ആദ്യത്തെ ഇടപെടല്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട കുട്ടികള്‍ക്കു വേണ്ടി. ജില്ലയിലെ മലയോര, തീരദേശ മേഖലകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 15 സ്‌കൂളുകള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ ഒരുക്കിയാണ് ജില്ലാ കലക്ടറുടെ ഇടപെടല്‍. 65 ഇഞ്ച് വലിപ്പമുള്ള ഇന്ററാക്ടീവ് സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളാണ് ഇതുവഴി സ്‌കൂള്‍ക്ക് ലഭിക്കുക.

ജില്ലയിലെ കുട്ടികള്‍ക്കുള്ള ആദ്യ സമ്മാനമെന്ന നിലയിലാണ് ഈ സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ ഒരുക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ കലക്ടറെന്ന നിലയില്‍ പങ്കെടുത്ത ആദ്യ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. പഠനം കൂടുതല്‍ എളുപ്പവും രസകരവുമാക്കാന്‍ ഈ സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ വഴി സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കുട്ടികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ ആദ്യത്തേതാണ് ഇതെന്നും തുടര്‍ന്നും ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്ദേശ്യമുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് സ്മാര്‍ട്ട് റൂമുകള്‍ ഒരുക്കിയിരിക്കുന്നത്. എത്രയും വേഗം സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കും ക്ലാസ്സുകളുടെ ലൈവ് സ്ട്രീമിംഗിനുമുള്ള സൗകര്യങ്ങള്‍ അടങ്ങിയതാണ് സ്മാര്‍ട്ട് ഇന്ററാക്ടീവ് പാനലുകള്‍ അടങ്ങിയ സ്മാര്‍ട്ട് ക്ലാസ്സ് റൂം. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതില്‍ ഉള്ളടക്കങ്ങള്‍ സൂം ചെയ്ത് കാണാനും വൈറ്റ് ബോര്‍ഡായി ഉപയോഗിക്കാനും സാധിക്കും.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ വി എം ജയകൃഷ്ണന്‍, എഡിഎം ടി മുരളി, ഡിഡിഇ ടി വി മദനമോഹനന്‍, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൽ കരീം, ഡയറ്റ് പ്രിൻസിപ്പാൾ ഡോ. എം ശ്രീജ, എ എ ഗ്ലാഡ്സൺ മനോജ്‌, ഡി ഇ ഒമാരായ പി വിജയകുമാരി, എസ് ഷാജി, പി കെ അജിതകുമാരി, എ ഇ ഒ മാരായ പി എം ബാലകൃഷ്ണൻ, പി ജെ ബിജു, ഡോ എം സി നിഷ, ബീന ജോസ്, ഷീബ ചാക്കോ, ടി ബി രത്നകുമാരി തുടങ്ങിയവരും അധ്യാപകർ, ജീവനക്കാർ എന്നിവരും സംബന്ധിച്ചു. പുതിയ ജില്ലാ കലക്ടര്‍ക്കുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സ്വീകരണവും ഇതിന്റെ ഭാഗമായി നടന്നു.

date