Skip to main content

യുവജനക്ഷേമ ബോർഡ് സംസ്ഥാനതല ട്രാൻസ്ജെൻഡർ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

സംസ്ഥാന യുവജനക്ഷേമ ബോർഡ് ട്രാൻസ്ജെൻഡേഴ്സ് വിഭാഗത്തിനെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി രൂപീകരിച്ച മാരിവിൽ ക്ലബ്ബ് അംഗങ്ങൾക്കായി കിലയിൽ ദ്വിദിന തൊഴിൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. തൊഴിൽ പരിശീലനങ്ങൾ, വ്യക്തിത്വ വികസന ക്ലാസ്സ്, ആരോഗ്യ ബോധവൽക്കരണം, വിവിധ കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തിയാണ് ക്യാമ്പ്.

ആദ്യ ദിനത്തിൽ ട്രാൻസ്ജെൻഡർ വിഭാഗം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തെക്കുറിച്ച് ട്രാൻസ്ജെൻഡേഴ്സ് ജസ്റ്റിസ് ബോർഡ് അംഗം ശീതൾ ശ്യാം ക്ലാസ്സെടുത്തു. ജയിൻ മിൽട്ടൺ ആഭരണ നിർമ്മാണ പരിശീലനത്തിന് നേതൃത്വം നൽകി. തുടർന്ന് ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
 
രണ്ടാം ദിനത്തിൽ  ലക്ഷ്യ പി ലാൽ ബ്യൂട്ടീഷൻ ക്ലാസ്സിന് നേതൃത്വം നൽകി. തുടർന്ന ക്വീർ സാഹിത്യം - സാധ്യതകൾ എന്ന വിഷയത്തെ ആസ്പദമാക്കി കേരള സാഹിത്യ അക്കാദമി അംഗം വിജയരാജമല്ലിക ക്ലാസ്സെടുത്തു. തുടർന്ന് കില അസിസ്റ്റന്റ് ഡയറക്ടർ കെ പി എൻ അമൃത ബോധവൽക്കരണ ക്ലാസ്സെടുത്തു.   സമാപന സമ്മേളനം കില ഡയറക്ടർ ഡോ. ജോയ് ഇളമൺ ഉദ്ഘാടനം ചെയ്തു. പരിശീലനം പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സാമൂഹ്യനീതി വകുപ്പ് ഓഫീസർ ജോയ്സി സ്റ്റീഫൻ നിർവ്വഹിച്ചു. ആസൂത്രണ ബോർഡ് എസ്ആർജി അംഗം അനൂപ് കിഷോർ, ജില്ലാ കോ-ഓർഡിനേറ്റർ വി പി ശരത്ത് പ്രസാദ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ സി ടി സബിത തുടങ്ങിയവർ സംസാരിച്ചു

date