Skip to main content

കർഷകർക്ക് കൈത്താങ്ങായി ജില്ലാ പഞ്ചായത്ത് ബജറ്റ്

കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിയ ജില്ലാ പഞ്ചായത്ത് ബജറ്റ് കർഷകർക്കും കൈത്താങ്ങാകുന്നു. കൃഷി, മൃഗസംരക്ഷണം അനുബന്ധ മേഖലകൾക്കായി 10 കോടിയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് കൂലി ചെലവ് ഇനത്തിൽ രണ്ട് കോടിയാണ് ചെലവഴിക്കുന്നത്. നെൽകൃഷി വികസനത്തിന് വിത്ത്, വളം, കാർഷികോപാധികൾ എന്നിവ നൽകാനും ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്. തരിശുരഹിത ജില്ല എന്ന ലക്ഷ്യത്തോടെ കൃഷിഭൂമികൾ ജനകീയ സഹകരണത്തോടെ ഏറ്റെടുത്ത് കൃഷി ചെയ്യാനും ലക്ഷ്യമിടുന്നുണ്ട്.

തെങ്ങ് കൃഷി വികസനത്തിന് ഊന്നൽ നൽകി തേങ്ങയുടെ വിളവ് വർദ്ധനയ്ക്ക് പ്രത്യേക കർമ്മ പരിപാടികൾ നടപ്പിലാക്കുന്നതിനോടൊപ്പം തേങ്ങയുടെയുടെയും തെങ്ങിന്റേയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള പദ്ധതികളും ജില്ലാ പഞ്ചായത്ത് ആരംഭിക്കുന്നുണ്ട്. മണ്ട ചീയൽ, കാറ്റു വീഴ്ച മുതലായ രോഗങ്ങൾ പ്രതിരോധിക്കുന്നതിന് കാർഷിക സർവ്വകലാശാലകളുമായി ചേർന്ന് നടത്തുന്ന ഗവേഷണ പരിപാടിയ്ക്ക് 25 ലക്ഷം ബജറ്റിൽ വകയിരുത്തി.  

മുൻ വർഷങ്ങളിൽ മൂന്ന് കോടിയിലധികം ചെലവഴിച്ച് വിജയകരമായി നടപ്പാക്കിയ ക്ഷീരകർഷകർക്ക് സമാശ്വാസമേകുന്ന പാലിന്  സബ്സിഡി പദ്ധതിയ്ക്ക് 1.7 5 കോടിയും കാലിത്തീറ്റ സബ്സിഡി പദ്ധതിയ്ക്ക് 50 ലക്ഷവും ബജറ്റിൽ വകയിരുത്തി. മൃഗസംരക്ഷണ വകുപ്പുമായി സംയോജിച്ച് മുന്തിയ ഇനം പശുക്കളുടെ ഫാം ആരംഭിച്ച് പാൽ, പാലുൽപ്പന്നങ്ങൾ, മറ്റ് മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവ ഫാമുകളിലെ കൗണ്ടറുകളിലൂടെ ജില്ലാ പഞ്ചായത്തിന്റെ തനത് ബ്രാൻഡായി വിപണനം ചെയ്യുന്നതിന് 10 ലക്ഷമാണ് വകയിരുത്തിയിരിക്കുന്നത്.

ജില്ലാ പഞ്ചായത്തും നിരവധി തദ്ദേശ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും സംയുക്തമായി നടപ്പാക്കുന്ന വെണ്ണൂർതുറ പുനരുദ്ധാരണം ശുദ്ധജല തടാക സംരക്ഷണ പദ്ധതിയ്ക്ക് 50 ലക്ഷവും ചേറ്റുവക്കായൽ പുനരുദ്ധാരണത്തിന് ഒരു കോടിയും ചെലവഴിക്കും.

തണ്ണീർത്തട സംരക്ഷണത്തിന്റെ ഭാഗമായി കോൾ മേഖലയിലും കോളിതര മേഖലയിലും ജലസേചന സൗകര്യങ്ങൾക്കായി മോട്ടോർ നൽകുന്നതിന് 50 ലക്ഷവും മണ്ണ് - ജല സംരക്ഷണത്തിനായി 1.25 കോടിയുമാണ് ചെലവഴിക്കുന്നത്.

കാർബൺ ന്യൂട്രൽ ജില്ല എന്ന ലക്ഷ്യത്തോടെ ആഗോള താപനത്തിന്റെ ഭാഗമായി പ്രകൃതി സംരക്ഷണം എന്ന മുദ്രാവാക്യത്തോടെ ഓരോ വീടുകളിലും ഭൂവിസ്തൃതിയ്ക്കനുസൃതമായി വൃക്ഷത്തൈകൾ വിതരണം ചെയ്യാനും വീടുകളിലും തൊടികളിലും മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്ന മുറ്റത്തൊരു മീൻ കുളം എന്ന പദ്ധതിയും നടപ്പാക്കാൻ ലക്ഷ്യമിടുന്നുണ്ട്.

date