Skip to main content

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം: മന്ത്രിമാര്‍ നേതൃത്വം നല്‍കും; കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്ത് മേയ് മാസം

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് മേയ് മാസം പത്തനംതിട്ട ജില്ലയിലെ ആറ് താലൂക്കുകളിലും കരുതലും കൈത്താങ്ങും എന്ന പേരില്‍ പരാതി പരിഹാര അദാലത്ത് നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അദാലത്തിന്റെ ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മേയ് രണ്ടിന് കോഴഞ്ചേരി, മേയ് നാലിന് മല്ലപ്പള്ളി, മേയ് ആറിന് അടൂര്‍, മേയ് എട്ടിന് റാന്നി, മേയ് ഒന്‍പതിന് തിരുവല്ല, മേയ് 11ന് കോന്നി എന്നിവിടങ്ങളില്‍ താലൂക്ക്തല അദാലത്ത് നടക്കും. മന്ത്രിമാരായ വീണാ ജോര്‍ജ്, പി. രാജീവ്, ജി.ആര്‍. അനില്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്ത് പരാതികള്‍ക്ക് പരിഹാരം കാണും.
അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ ഏപ്രില്‍ ഒന്നു മുതല്‍ 10 വരെ സ്വീകരിക്കും. ജനങ്ങള്‍ക്ക് ഓണ്‍ലൈനായും നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികള്‍ സമര്‍പ്പിക്കാം. പരാതികള്‍ ഓണ്‍ലൈനായി തന്നെ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ പരമാവധി ശ്രദ്ധിക്കണം. അദാലത്തിനുള്ള മുന്നൊരുക്കങ്ങള്‍ കൃത്യമായി നടത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. നല്ല രീതിയില്‍ അദാലത്ത് സംഘടിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. വകുപ്പ് തലത്തില്‍ ലഭിക്കുന്ന പരാതികള്‍ ജില്ലാതല ഓഫീസര്‍മാര്‍ തന്നെ പരിശോധിച്ച് പരിഹാരം കാണണം. പരാതികള്‍ ജനങ്ങളില്‍ നിന്നും നേരിട്ട് സ്വീകരിക്കുന്നതിനായി താലൂക്ക് തലത്തില്‍ താലൂക്ക് അദാലത്ത് സെല്ലും ലഭിക്കുന്ന പരാതികള്‍ പരിശോധിക്കാനായി വകുപ്പ് തലത്തില്‍ ജില്ലാതല അദാലത്ത് സെല്ലും പരാതികളിന്മേലുള്ള നടപടികള്‍ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാതല അദാലത്ത് മോണിറ്ററിംഗ് സെല്ലും രൂപീകരിച്ചു.  അദാലത്ത് ദിവസം നേരിട്ടു ലഭിക്കുന്ന പരാതികള്‍ സ്വീകരിക്കുന്നതിനും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിനും അദാലത്ത് വേദിയില്‍ പ്രത്യേക സംവിധാനം ഒരുക്കും. ഇങ്ങനെ ലഭിക്കുന്ന പരാതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
അദാലത്തുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ കൃത്യമായി പരിശോധിച്ച് സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍
ഭൂമി സംബന്ധമായ വിഷയങ്ങള്‍(അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കൈയേറ്റം). സര്‍ട്ടിഫിക്കറ്റുകള്‍/ ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍. തണ്ണീര്‍ത്തട സംരക്ഷണം. ക്ഷേമ പദ്ധതികള്‍(വീട്, വസ്തു-ലൈഫ് പദ്ധതി, വിവാഹ/പഠന ധനസഹായം മുതലായവ). പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍- കുടിശിക ലഭിക്കുക, പെന്‍ഷന്‍ അനുവദിക്കുക. പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം. തെരുവ് നായ സംരക്ഷണം/ ശല്യം.
അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചു മാറ്റുന്നത്. തെരുവ് വിളക്കുകള്‍. അതിര്‍ത്തി തര്‍ക്കങ്ങളും വഴി തടസപ്പെടുത്തലും. വയോജന സംരക്ഷണം. കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ(കെട്ടിട നമ്പര്‍, നികുതി). പൊതുജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും. റേഷന്‍ കാര്‍ഡ്(എപിഎല്‍/ബിപിഎല്‍)(ചികിത്സാ ആവശ്യങ്ങള്‍ക്ക്). വന്യജീവി ആക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം. വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/ അപേക്ഷകള്‍. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/സഹായം. കൃഷി നാശത്തിനുള്ള സഹായങ്ങള്‍. കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ. മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ. ആശുപത്രികളിലെ മരുന്നു ക്ഷാമം. ശാരീരിക/ബുദ്ധി/ മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍. വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍. വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി.

അദാലത്തില്‍ പരിഗണിക്കാത്ത വിഷയങ്ങള്‍
നിര്‍ദേശങ്ങള്‍, അഭിപ്രായങ്ങള്‍. പ്രൊപ്പോസലുകള്‍. ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/പി സ് സി സംബന്ധമായ വിഷയങ്ങള്‍. ജീവനക്കാര്യം(സര്‍ക്കാര്‍). സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളിന്മേലുള്ള ആക്ഷേപം. വായ്പ എഴുതി തള്ളല്‍. സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍(ചികിത്സാ സഹായം ഉള്‍പ്പെടെയുള്ളവ). പോലീസ് കേസുകള്‍. ഉദ്യോഗസ്ഥര്‍ക്ക് എതിരായവ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകള്‍. ഭൂമി സംബന്ധമായ പട്ടയങ്ങള്‍. വസ്തു സംബന്ധമായ പോക്കുവരവ്, തരംമാറ്റം, റവന്യു റിക്കവറി സംബന്ധമായ വിഷയങ്ങള്‍.

പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍
അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ താലൂക്ക് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും ഓണ്‍ലൈനായും സമര്‍പ്പിക്കാം. പരാതി കക്ഷിയുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നിവ നിര്‍ബന്ധമായും പരാതിയില്‍ ഉള്‍പ്പെടുത്തണം. പരാതി സമര്‍പ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങണം. അദാലത്തില്‍ പരിഗണിക്കുവാന്‍ നിശ്ചയിച്ചിട്ടുള്ള വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ മാത്രമാണ് സമര്‍പ്പിക്കേണ്ടത്. മറ്റ് വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ വകുപ്പ് മേധാവികള്‍/വകുപ്പ് സെക്രട്ടറിമാര്‍/ വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്ക് നേരിട്ടോ cmo.kerala.gov.in  എന്ന വെബ് പോര്‍ട്ടലിലൂടെയോ, മുഖ്യമന്ത്രിക്കോ സമര്‍പ്പിക്കാം. ഉദ്യോഗസ്ഥതലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അദാലത്തില്‍ വച്ച്മന്ത്രിമാര്‍ തീരുമാനം കൈക്കൊള്ളും.

അക്ഷയ കേന്ദ്രങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍
പൊതുജനങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത വിഷയത്തിലുള്ള പരാതികള്‍/ പരാതി കക്ഷിയുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നീ വിവരങ്ങള്‍ പരാതിയില്‍ നിര്‍ബന്ധമായും ഉണ്ടാകണം. കൈപ്പറ്റ് രസീത് നല്‍കണം. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള ഫീസ് ഈടാക്കാം.

ജില്ലാതല അദാലത്ത് മോണിറ്ററിംഗ് സെല്‍
ജില്ലാ അദാലത്ത് സെല്ലുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ചെയര്‍മാനും തിരുവല്ല ആര്‍ഡിഒ വിനോദ് രാജ്, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍ പിള്ള എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു മെമ്പറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ പബ്ലിസിറ്റി കണ്‍വീനറുമായി ജില്ലാതല അദാലത്ത് മോണിറ്ററിംഗ് സെല്‍ രൂപീകരിച്ചു.

പരാതി പരിഹാരത്തിന് മികച്ച സംവിധാനം
അദാലത്തില്‍ ലഭിക്കുന്ന പരാതികള്‍ അതത് ദിവസം തന്നെ പരിശോധിച്ച് സാധ്യമായ പരിഹാരം കണ്ടെത്തുന്നതിന് ഓരോ വകുപ്പിലും അദാലത്ത് സെല്‍ രൂപീകരിക്കും. എല്ലാ വകുപ്പുകളിലും ജില്ലാതല ഓഫീസുകളില്‍ ജില്ലാ ഓഫീസര്‍ കണ്‍വീനറും ജില്ലാതല ഓഫീസിനു താഴെ ആ വകുപ്പിന്റെ സ്ഥാപന മേധാവികള്‍ അംഗങ്ങളുമായി ജില്ലാ അദാലത്ത് സെല്‍ രൂപീകരിക്കും.
ജില്ലാതല ഓഫീസുകള്‍ ഇല്ലാത്ത വകുപ്പ് ആണെങ്കില്‍ ജില്ലയുടെ ചുമതലയുള്ള റീജിയണല്‍/ സോണല്‍/ റേഞ്ച് ഓഫീസര്‍ കണ്‍വീനറും വകുപ്പിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍/ ജില്ലയില്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ അതിലെ മേധാവികള്‍ അംഗങ്ങളുമായി ജില്ലാ അദാലത്ത് സെല്‍ രൂപീകരിക്കും. ജില്ലാതല ഓഫീസുകള്‍ ഇല്ലാത്ത കോളജ് വിദ്യാഭ്യാസ വകുപ്പില്‍ സോണല്‍ ഓഫീസിലെ ഡെപ്യുട്ടി ഡയറക്ടര്‍, ജില്ലാ അദാലത്ത് സെല്‍ കണ്‍വീനറും സോണല്‍ ഓഫീസിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അംഗങ്ങളുമായിരിക്കണം.
താലൂക്ക് അദാലത്ത് സെല്ലില്‍ ഡെപ്യുട്ടി കളക്ടര്‍ കണ്‍വീനറും തഹസീല്‍ദാര്‍ ജോയിന്റ് കണ്‍വീനറുമായി താലൂക്ക് അദാലത്ത് സെല്‍ രൂപീകരിച്ചു. അടൂര്‍ താലൂക്ക്: എ. തുളസീധരന്‍പിള്ള, ആര്‍ഡിഒ അടൂര്‍- കണ്‍വീനര്‍, ജി.കെ. പ്രദീപ്- തഹസീല്‍ദാര്‍- ജോയിന്റ് കണ്‍വീനര്‍. കോന്നി താലൂക്ക്: ജേക്കബ് ടി ജോര്‍ജ്, ഡെപ്യുട്ടി കളക്ടര്‍ ആര്‍ആര്‍- കണ്‍വീനര്‍, എല്‍. കുഞ്ഞച്ചന്‍, തഹസീല്‍ദാര്‍-ജോയിന്റ് കണ്‍വീനര്‍. കോഴഞ്ചേരി താലൂക്ക്: ബി. ജ്യോതി, ഡെപ്യുട്ടി കളക്ടര്‍ എല്‍ആര്‍- കണ്‍വീനര്‍, ജോണ്‍ സാം- തഹസീല്‍ദാര്‍-ജോയിന്റ് കണ്‍വീനര്‍. റാന്നി താലൂക്ക്: റ്റി.ജി. ഗോപകുമാര്‍, ഡെപ്യുട്ടി കളക്ടര്‍, ദുരന്തനിവാരണ വിഭാഗം-കണ്‍വീനര്‍. പി.ഡി. സുരേഷ് കുമാര്‍, തഹസീല്‍ദാര്‍- ജോയിന്റ് കണ്‍വീനര്‍. മല്ലപ്പള്ളി താലൂക്ക്: റ്റി.എസ്. ജയശ്രീ, ഡെപ്യുട്ടി കളക്ടര്‍ എല്‍എ-കണ്‍വീനര്‍, എം.എസ്. രാജമ്മ, തഹസീല്‍ദാര്‍-ജോയിന്റ് കണ്‍വീനര്‍. തിരുവല്ല താലൂക്ക്: വിനോദ് രാജ്, ആര്‍ഡിഒ തിരുവല്ല-കണ്‍വീനര്‍, പി.എ. സുനില്‍, തഹസീല്‍ദാര്‍-ജോയിന്റ് കണ്‍വീനര്‍.

 

date