Skip to main content

കരുതലും കൈത്താങ്ങും :അദാലത്തിലേക്ക് ഏപ്രിൽ 10നകം പരാതികൾ നൽകണം 

 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തിലേക്ക് ഏപ്രിൽ 10നകം പരാതികൾ നൽകണം. അദാലത്ത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും പരാതികൾ സമർപ്പിക്കുന്നതിൽ വീഴ്‌ച വരുത്തരുതെന്നും കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു.

 

www.karuthal.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ താലൂക്ക് ഓഫീസുകളിൽ നേരിട്ടോ പരാതികൾ നൽകാം. 25ലേറെ വിഷയങ്ങളിൽ പരാതി തീർപ്പാക്കുന്നതിന് അദാലത്തിൽ അവസരമുണ്ടാകും. 

 

ഭൂമി, റേഷൻ കാർഡ്, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, കുടിവെള്ളം, പൊതു ജലസ്രോതസ് സംരക്ഷണം, തണ്ണീർത്തട സംരക്ഷണം, സർട്ടിഫിക്കറ്റുകൾ, ലൈസൻസ്, ക്ഷേമ പദ്ധതികൾ, കെട്ടിട നിർമ്മാണ ചട്ടങ്ങൾ, പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്‌കരണം, പ്രകൃതിദുരന്ത നഷ്‌ടപരിഹാരം, സാമൂഹ്യ സുരക്ഷ പെൻഷൻ, വയോജനക്ഷേമം, വ്യവസായ സംരംഭ അനുമതി, പട്ടിക വിഭാഗ ആനുകൂല്യങ്ങൾ, വിവിധ സ്‌കോളർഷിപ്പുകൾ, വളർത്തുമൃഗ സഹായം, നഷ്‌ടപരിഹാരം, കൃഷി നാശം, വിള ഇൻഷുറൻസ്, കാർഷിക വിള സംരക്ഷണം, വിതരണം, ഭക്ഷ്യ സുരക്ഷ, ആശുപത്രികളിലെ മരുന്നുക്ഷാമം, ശാരീരിക/ബുദ്ധി/മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസവും ധനസഹായവും, ക്ഷേമനിധി ബോർഡുകളുടെ ആനുകൂല്യങ്ങൾ, തെരുവുനായ ശല്യവും സംരക്ഷണവും, അപകടകരമായ മരങ്ങളുടെ മുറിച്ചു മാറ്റൽ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളിലെ പരാതികൾ അദാലത്തിൽ തീർപ്പാക്കും.

 

മണ്ഡലത്തിലെ കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്നവർക്ക് എറണാകുളം ടൗൺ ഹാളിൽ മെയ് 15നും കൊച്ചി താലൂക്കിൽ ഉൾപ്പെടുന്നവർക്ക് മട്ടാഞ്ചേരി ചെറളായി ടി.ഡി സ്‌കൂളിൽ അടുത്തമാസം 23നുമാണ് അദാലത്ത്. മന്ത്രിമാരുടെ നേതൃത്വത്തിലാണ് അദാലത്ത് നടക്കുകയെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു.

 

 

date