Skip to main content

സർവേ രേഖകൾ സുതാര്യമായി ജനങ്ങളിലെത്തിക്കാൻ ഡിജിറ്റൽ സർവേയിലൂടെ സാധ്യമാകും: കെ.ജെ മാക്സി എം.എൽ.എ 

 

ഡിജിറ്റൽ സർവേയിലൂടെ സർവേ റെക്കോർഡുകൾ ആധികാരികമായി ഏറ്റവും സുതാര്യമായ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് കെ.ജെ മാക്സി എം.എൽ.എ പറഞ്ഞു. എന്റെ കേരളം പ്രദർശന വിപണന മേള വേദിയിൽ സർവേയും ഭൂരേഖയും വകുപ്പിന്റെ നേതൃത്വത്തിൽ എന്റെ കേരളം ഡിജിറ്റൽ സർവേ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ, സ്വകാര്യ ഭൂമികൾ വേർതിരിച്ചറിയാനും ഭൂമി സംബന്ധമായി പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഡിജിറ്റൽ സർവേയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

 

സെമിനാറിൽ ഡിജിറ്റൽ സർവേ മാസ്റ്റർ ട്രെയിനി കെ.സി. സുരേഷ് കുമാർ വിഷയാവതരണം നടത്തി. ഡിജിറ്റൽ സർവേ പൂർത്തിയാക്കുന്നതോടെ സർവേ, റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഭൂമി സംബന്ധിച്ച സേവനങ്ങൾ സംയോജിപ്പിച്ച് "എന്റെ ഭൂമി "ഓൺലൈൻ പോർട്ടലിലൂടെ ജനങ്ങളിലേക്ക് എത്തിക്കുമെന്നും സെമിനാറിൽ പറഞ്ഞു. ഡിജിറ്റൽ സർവേയെ കുറിച്ച് ജനങ്ങൾക്കുള്ള സംശയങ്ങളും ആശങ്കകളും പരിഹരിക്കുന്ന രീതിയിലാണ് സെമിനാർ നടന്നത്. ഡിജിറ്റൽ സർവേ കൊണ്ടുള്ള നേട്ടങ്ങളും, സർവേയുടെ ആവശ്യവും സെമിനാറിൽ ചർച്ചയായി.

 

ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ വസ്തുക്കളുടെ പോക്ക് വരവ്, പട്ടയം നൽകുന്നത് ഉൾപ്പെടെയുള്ള വിവിധ സർക്കാർ അനുകൂല്യങ്ങൾ ജനങ്ങളിലേക്ക് വളരെ വേഗം എത്തിക്കാൻ സാധിക്കും. സർക്കാർ, സ്വകാര്യ ഭൂമികൾ സർവേയിലൂടെ കണ്ടെത്തുന്നതു വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഒത്തിരി വികസന പ്രവർത്തനങ്ങൾക്ക് ഭൂമി കണ്ടെത്താൻ കഴിയുമെന്നും സെമിനാറിൽ പറഞ്ഞു. സെമിനാറിൽ ഉദ്യോഗസ്ഥർ പൊതുജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകി.

 

ചടങ്ങിൽ കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ അധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരായ റെദീന ആന്റണി, ആഷിത യഹിയ, ബിന്ദു മണി, ജില്ലാ സർവേ ഡെപ്യൂട്ടി ഡയറക്ടർ കെ. കെ. സുനിൽ, റീ സർവേ അസിസ്റ്റന്റ് ഡയറക്ടർ എ.എ. രാജൻ തുടങ്ങിയവർ പങ്കെടുത്തു.

 

 

date