Skip to main content

രക്ഷാ ഉപകരണങ്ങളുടെ പ്രദർശനവുമായി അഗ്നി രക്ഷാ സേന

 

 

 

വിവിധ തരം കട്ടിംഗ് മെഷീനുകൾ മുതൽ ആഴത്തിൽ മുങ്ങിത്തപ്പാനുള്ള ഡൈവിങ്ങ് സ്യൂട്ട് വരെ അണി നിരത്തി അഗ്നി രക്ഷാ വിഭാഗം. കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷൻ വേദിയിലെ സ്റ്റാളിലാണ് രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വിവിധയിനം ഉപകരണങ്ങളുടെ പ്രദർശനം ഒരുക്കിയിട്ടുള്ളത്. 

 

കാറ്റിലും മഴയിലും കടപുഴകി വീണ വൻമരങ്ങൾ മുറിച്ചു മാറ്റുന്നതിന് ഉപയോഗിക്കുന്ന സാധാരണ കട്ടിംഗ് മെഷീനുകൾ മുതൽ അപകടത്തിൽപ്പെട്ട് തകർന്ന വാഹനങ്ങളുടെ ഭാഗങ്ങൾ മുറിച്ച് വേർപ്പെടുത്തുന്നതിനുള്ള, രണ്ടാളുകൾ ചേർന്ന് പ്രവർത്തിപ്പിക്കേണ്ട മെഷീൻ ഉൾപ്പെടെയുള്ള പലതും മേളയിലെത്തുന്നവർക്ക് കൗതുക കാഴ്ചയാണ്. ഇതിനു പുറമേ രക്ഷാപ്രവർത്തനം നടത്തേണ്ട സ്ഥലത്ത് വിഷവാതകങ്ങൾ ഉണ്ടെങ്കിൽ അത് കളയുന്നതിനുള്ള ബ്ലോവറും, ഇലക്ട്രിക് പോസ്റ്റിലും ട്രാൻസ്ഫോമറിലുമെല്ലാം ഉണ്ടാകുന്ന തീ അണക്കുന്നതിന് ഉപയോഗിക്കുന്ന ഫോം കോമ്പൗണ്ട് ഉണ്ടാക്കുന്നതിനുള്ള യന്ത്രങ്ങൾ, അതിശക്തമായി വെള്ളം പമ്പ് ചെയ്യുന്നതിനുള്ള വാൽവുകൾ തുടങ്ങിയ വിവിധ ഉപകരണങ്ങളും പ്രദർശനത്തിലുണ്ട്. ഇവയുടെ ഉപയോഗം സംബന്ധിച്ച സംശയ നിവാരണത്തിനുള്ള സൗകര്യവും ഉണ്ട്.

 

ബ്രഹ്മപുരം തീപിടിത്തം, പെട്ടിമുടി ദുരന്തം തുടങ്ങി അഗ്നി രക്ഷാ സേനക്ക് ഏറെ പ്രശംസ നേടിത്തന്ന വിവിധ രക്ഷാദൗത്യങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമേ അടിയന്തര സാഹചര്യങ്ങൾ നേരിട്ടാൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി പ്രദർശന നഗരിയിൽ ഒരു യൂണിറ്റ് ഫയർ എൻജിന്റെ സേവനവും ഒരുക്കിയിട്ടുണ്ട്.

date