Skip to main content

പാലക്കാട് താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

 

കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനടുത്തുള്ള ബേക്കറിയുടെ പിന്‍വശത്ത് വേനല്‍ക്കാലത്തും മഴക്കാലത്തും വെള്ളക്കെട്ട് രൂപപ്പെടുന്നത് പരിഹരിക്കുന്നതിന് നഗരസഭ പ്രതിനിധിയോട് പരിശോധിക്കാന്‍ ആര്‍.ഡി.ഒ ഡി. അമൃതവല്ലി നിര്‍ദേശിച്ചു. പാലക്കാട് താലൂക്ക് വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. കണ്ണാടി പഞ്ചായത്തില്‍ യാക്കരപുഴയില്‍ പുഴക്കല്‍ നിന്നും പമ്പ് ചെയ്ത ശുദ്ധജലം വിതരണം ചെയ്യുന്ന വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് പരിധിയിലുള്ള കണ്ണാടി, കുഴല്‍മന്ദം, തേങ്കുറിശ്ശി പഞ്ചായത്തുകളില്‍ ആവശ്യത്തിന് ശുദ്ധജലം ലഭിക്കുന്നില്ലെന്നും കൂടുതല്‍ ജലം പമ്പ് ചെയ്ത് ഈ പമ്പിങ്ങിന്റെ പരിധിയിലുള്ള സ്ഥലങ്ങളില്‍ ജലലഭ്യത ഉറപ്പുവരുത്തണമെന്നും യോഗത്തില്‍ രാഷ്ട്രീയ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ കാരാങ്കോട് 13-ാം വാര്‍ഡിലുള്ള വീടുകള്‍ വാസയോഗ്യമല്ല, സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പഠനമുറിയും മറ്റ് സംവിധാനങ്ങളും ഒരുക്കണം, വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് തുടര്‍ച്ചയായി സ്‌കൂളുകളില്‍ പോകാനുള്ള ബോധവത്ക്കരണം നല്‍കണം, ബി.ഒ.സി റോഡിലെ ഓവര്‍ ബ്രിഡ്ജിന് താഴെയുള്ള റോഡുകളുടെ കുഴികള്‍ അടിയന്തരമായി അടയ്ക്കണം എന്നീ നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് വകുപ്പ് പ്രതിനിധികളോട് പരിശോധിക്കാന്‍ തഹസില്‍ദാര്‍ ടി. രാധാകൃഷ്ണന്‍ നിര്‍ദേശിച്ചു. യോഗത്തില്‍ അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണന്‍ അധ്യക്ഷയായി. ആര്‍.ഡി.ഒ ഡി. അമൃതവല്ലി, പാലക്കാട് തഹസില്‍ദാര്‍ ടി. രാധാകൃഷ്ണന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

date