Skip to main content

ഗ്രാമീണ വായനശാലകൾക്ക് പുസ്തകങ്ങൾ കൈമാറി

നാട്ടിക നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണ ഗ്രന്ഥശാലകൾക്ക് എംഎൽഎ ഫണ്ടിൽ നിന്നും തുക വിനിയോഗിച്ച് പുസ്തകങ്ങൾ കൈമാറി. നാട്ടിക ബീച്ച് ഗ്രാമീണ ഗ്രന്ഥശാല, തളിക്കുളം പബ്ലിക് ലൈബ്രറി, എട്ടുമന ഗ്രാമീണ വായനശാല എന്നിവയ്ക്കാണ് സി സി മുകുന്ദൻ എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 20,000 രൂപ വീതം അനുവദിച്ചത്. പുസ്തകങ്ങളുടെ വിതരണോദ്ഘാടനം സി സി മുകുന്ദൻ എംഎൽഎ ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സുനിത മുത്തു രാജിന് പുസ്തകം നൽകി നിർവ്വഹിച്ചു.  

നാട്ടിക  ബീച്ച് ഗ്രാമീണ ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ ഗ്രന്ഥശാല എക്സിക്യൂട്ടീവ്  അംഗം പി കെ സുധർമൻ അധ്യക്ഷനായി. സെക്രട്ടറി പി വി ദിലീപ് കുമാർ സ്വാഗതവും സർദാർ കലാവേദി സെക്രട്ടറി എൻ കെ വിജയകുമാർ നന്ദിയും പറഞ്ഞു. തളിക്കുളം പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച പുസ്‌തകങ്ങളുടെ വിതരണോദ്ഘാടന ചടങ്ങിൽ പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് എൻ മദനമോഹനൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എ വിശ്വംഭരൻ മാസ്റ്റർ,സെക്രട്ടറി ഗഫൂർ, തളിക്കുളം, ഷീജ രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

date