Skip to main content
നിലാവെട്ടം 2023 നോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ എ സി മൊയ്‌തീൻ എംഎൽഎ സംസാരിക്കുന്നു

നിലാവെട്ടം 2023 ഏപ്രില്‍ 13 മുതല്‍ 30 വരെ, മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

കുന്നംകുളത്തിന്റെ സാംസ്കാരിക, ആഘോഷ പരിപാടികള്‍ക്ക് പുതിയ ദിശാബോധം പകര്‍ന്ന നിലാവെട്ടം മെഗാ ആഘോഷ പരിപാടി ഏപ്രില്‍ 13 മുതല്‍ 30 വരെ കുന്നംകുളം ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എ സി മൊയ്തീന്‍ എംഎൽഎ, ജനറല്‍ കണ്‍വീനര്‍ സീത രവീന്ദ്രന്‍, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ടി കെ വാസു, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള വേദിയിലാണ് നിലാവെട്ടം പ്രദര്‍ശന - വിപണന - സാംസ്കാരിക മേള ഒരുക്കുന്നത്.  
 
കുന്നംകുളം നിയോജക മണ്ഡലാടിസ്ഥാനത്തില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളും വ്യാപാരികളും മാധ്യമരംഗത്തുള്ളവരും പോലീസും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളും പൗരപ്രമുഖരും ഒത്തുചേര്‍ന്നാണ് നിലാവെട്ടം മേള സംഘടിപ്പിക്കുന്നത്. പുഷ്പ-ഫല സസ്യ പ്രദര്‍ശനങ്ങള്‍, മെഗാ അക്വാഷോ, പെറ്റ് ഷോ, വിവിധ അമ്യൂസ്മെന്റ് റൈഡുകള്‍,  സംസ്ഥാനത്തെയും പുറത്തേയും തനത് വിഭവങ്ങളുള്‍പ്പെടുത്തിയ ഫുഡ് കോര്‍ട്ട്,  സെമിനാറുകള്‍, കലാപരിപാടികള്‍ തുടങ്ങിയവയാണ് പ്രധാന ആകര്‍ഷണങ്ങള്‍.

ഏപ്രില്‍ 13ന് വൈകീട്ട് 6ന്  ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നോക്ക ക്ഷേമ, പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിലാവെട്ടം 2023 ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എ സി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷനാകും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഉദ്ഘാടത്തോടനുബന്ധിച്ച് വൈകീട്ട് 3ന് നഗരത്തെ വര്‍ണ്ണാഭമാക്കിയുള്ള ഘോഷയാത്രയും ഒരുക്കിയിട്ടുണ്ട്. വിവിധ കലകള്‍, ആയോധന കലകള്‍, നിശ്ചല ദൃശ്യങ്ങള്‍ എന്നിവ കോര്‍ത്തിണക്കിയുള്ള ഘോഷയാത്രയില്‍ വിവിധ രംഗങ്ങളിലുള്ളവര്‍ അണിചേരും.

പരിപാടിയുടെ ഭാഗമായി ഏപ്രില്‍ 12ന് കുന്നംകുളം മണ്ഡലത്തില്‍ നിന്നുള്ള വനിതകളുടെ മെഗാ തിരുവാതിരക്കളി ഒരുക്കിയിട്ടുണ്ട്. കുന്നംകുളം ബഥനി ഇംഗ്ലീഷ് സ്കൂളില്‍ വൈകീട്ട് 4ന് പ്രശസ്ത സിനിമ – സീരിയല്‍ താരം രശ്മി സോമന്‍ തിരുവാതിരക്കളി ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിലായി ശോഭന, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മ, സിതാര കൃഷ്ണകുമാര്‍, മേതില്‍ ദേവിക, റാസ ബീഗം തുടങ്ങിയ പ്രമുഖരും നിലാവെട്ടത്തില്‍ കലാപരിപാടികൾ അവതരിപ്പിക്കും.

date