Skip to main content

ഓരോ വാര്‍ഡും മാലിന്യമുക്തമാക്കണം: മന്ത്രി എം ബി രാജേഷ്

മാലിന്യമുക്തം ഹരിത നെയ്യാറ്റിന്‍കര പദ്ധതി പ്രഖ്യാപനം മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു

 ഓരോ വാര്‍ഡും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാലിന്യമുക്തമാക്കി പ്രഖ്യാപിക്കണമെന്നതാണ് പുതിയ ആശയമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കാത്ത വാര്‍ഡിനും തദ്ദേശസ്ഥാപനങ്ങള്‍ക്കും പിഴ ഈടാക്കുമെന്ന് മന്ത്രി. മാലിന്യമുക്തം ഹരിത നെയ്യാറ്റിന്‍കരയുടെ പ്രഖ്യാപനം നടത്തി സംസാരിക്കുകയിരുന്നു അദ്ദേഹം.

വികസന ഫണ്ട് നല്‍കുന്നതിന് മാലിന്യ സംസ്‌കരണം മാനദണ്ഡമാക്കും.  ഈ നേട്ടം കൈവരിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നിശ്ചിത തുക പിഴയായി ഈടാക്കുമെന്നും ലക്ഷ്യം കൈവരിച്ച സ്ഥാപനങ്ങള്‍ക്ക് ആ ഫണ്ട് അധികമായി നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

നെയ്യാറ്റിന്‍കര നിയോജക മണ്ഡലം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കെ .ആന്‍സലന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ആരംഭിച്ച ക്യാമ്പയിനാണ് ഹരിതനെയ്യാര്‍.  നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ ഹരിത നെയ്യാര്‍ പദ്ധതിയുടെ ഭാഗമായി ക്ലീന്‍ കേരള, ശുചിത്വ മിഷന്‍, കുടുംബശ്രീ, ഹരിത കേരള മിഷന്‍ എന്നിവയുടെ സഹായത്തോടെയാണ് മാലിന്യമുക്തം ഹരിത നെയ്യാറ്റിന്‍കര നടപ്പിലാക്കുന്നത്.

ഓരോ ആഴ്ചയും ഓരോ ഇനം പാഴ്‌വസ്തുക്കളാണ് ഹരിത കര്‍മ്മ സേനകള്‍ വഴി ശേഖരിക്കുകയും ആഴ്ചയുടെ അവസാന ദിവസം അത് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുകയും ചെയ്തത്. ജനുവരിയില്‍ ആരംഭിച്ച ഈ പദ്ധതി വഴി 2960 ടണ്‍ പാഴ് വസ്തുക്കളാണ് ക്ലീന്‍ കേരളയില്‍ കമ്പനിക്ക് കൈമാറിയത്.

ഈ പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ച വച്ച നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയെ ചടങ്ങില്‍ ആദരിച്ചു. സ്വദേശാഭിമാനി ടൗണ്‍ ഹാളില്‍ നടന്ന യോഗത്തില്‍ കെ. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ ഹരിത കര്‍മ സേനാംഗങ്ങളെ ആദരിച്ചു.

പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ ബെന്‍ ഡാര്‍വിന്‍, അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി മന്‍മോഹന്‍, നഗരസഭ ചെയര്‍മാന്‍ പി.കെ രാജ്‌മോഹനന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.പി സുനില്‍കുമാര്‍, ആര്‍. ഗിരിജ, ഷീന എസ്. ദാസ്, ക്ലീന്‍ കേരള കമ്പനി മാനേജിങ് ഡയറക്ടര്‍ ജി കെ സുരേഷ് കുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എ. ഫെയ്‌സി  മറ്റു ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date