Skip to main content

സർക്കാരിന്റേത് ഭിന്നശേഷിക്കാരെ ചേർത്ത് നിർത്തുന്ന നിലപാട്: മന്ത്രി പി. രാജീവ്

ഭിന്ന ശേഷിയുള്ളവരെ ചേർത്ത് നിർത്തുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ശ്രവണ സഹായികൾ, വീൽ ചെയറുകൾ, സ്ഥിര നിക്ഷേപത്തിലൂടെ കുട്ടികളുടെ ഭാവി ഉറപ്പു വരുത്തുന്നതിനുള്ള  സൗകര്യം തുടങ്ങിയവ വിതരണം ചെയ്യുന്നത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയിലെ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെയും സ്ഥിര നിക്ഷേത്തിന്റെയും വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ  ശുഭയാത്ര പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ഇലക്ട്രോണിക്  വീൽചെയറുകളും ശ്രാവൺ പദ്ധതി പ്രകാരം 15 പേർക്കായി 27 ശ്രവണസഹായികളും ഹസ്തദാനം പദ്ധതി പ്രകാരം 14 വയസിൽ താഴെയുള്ള തീവ്ര വൈകല്യമുള്ള 29 പേർക്ക് 20,000 രൂപയുടെ സ്ഥിര നിക്ഷേപവുമാണ് വിതരണം ചെയ്തത്. ഇതിന് പുറമേ 11 പേർക്ക് വാക്കർ, എയർ ബെഡ്, വാട്ടർ ബെഡ്, വീൽ ചെയർ തുടങ്ങിയവയും വിതരണം ചെയ്തു. പരിപാടിയോട് അനുബന്ധിച്ച് ഏലൂർ നഗരസഭയിലെ അങ്കണവാടികൾക്കുള്ള  ഗ്രോബാഗുകളുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.

 ഏലൂർ നഗരസഭ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ അധ്യക്ഷ അഡ്വ. എം.വി ജയഡാളി അധ്യക്ഷത വഹിച്ചു. ഏലൂർ നഗരസഭ അധ്യക്ഷൻ എ.ഡി. സുജിൽ, സ്ഥിരം സമിതി അധ്യക്ഷരായ ടി.എം ഷെനിൻ, അംബിക ചന്ദ്രൻ, ദിവ്യ നോബി, പി.ബി രാജേഷ്, കൗൺസിലർ എസ്. ഷാജി, വികലാംഗ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർമാരായ ഒ. വിജയൻ, ഗിരീഷ് കീർത്തി, എൻ.പി.ആർ.ഡി ദേശീയ വൈസ് പ്രസിഡന്റ്  ആന്റോ വർഗീസ്, നഗരസഭാ സെക്രട്ടറി  പി കെ സുഭാഷ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ.കെ ഉഷ തുടങ്ങിയവർ പങ്കെടുത്തു.

date