Skip to main content

വെങ്ങോല പഞ്ചായത്തിൽ സ്മാർട്ട്‌ അങ്കണവാടി ഉദ്ഘാടനം ചെയ്തു

 

വെങ്ങോല ഗ്രാമ പഞ്ചായത്തിൽ കുറ്റിപാടത്ത് നവീകരിച്ച  എട്ടാം നമ്പർ സ്മാർട്ട്‌ അങ്കണവാടിയുടെ ഉദ്ഘാടനം വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ. എം. അൻവർ അലി നിർവഹിച്ചു. കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക വികാസത്തിനും പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് സ്മാർട്ട്‌ അങ്കണവാടികൾ നിർമ്മിക്കുന്നത്.

ക്ലാസ്സ്‌ റൂം, പ്ലേ റൂം , ടോയ്ലറ്റ്, സ്റ്റോർ റൂം ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളോടെയാണ് അങ്കണവാടിയുടെ നവീകരണം. പഠന മുറിയിലേക്ക് ആവശ്യമായ ആകർഷകമായ കസേരകൾ, മേശകൾ പ്ലേ റൂമിൽ കളിക്കോപ്പുകൾ മുതലായ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു. ചുറ്റുമതിലിന്റെയും കിണറിന്റെയും നിർമാണവും ചുമരുകളിൽ  ചിത്ര രചന തുടങ്ങിയവയും ഇതിന്റെ ഭാഗമായി തയ്യാറാക്കിയിരിക്കുന്നു.

വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്തിലെ 2022-23 സാമ്പത്തിക വർഷത്തിൽ സ്മാർട്ട്‌ അങ്കണവാടി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അങ്കണവാടിയുടെ നിർമാണം. 38 ലക്ഷം രൂപ വകയിരുത്തി 32 അങ്കണവാടികളാണ് നിലവിൽ സ്മാർട്ട്‌ ആക്കിയത്. ബ്ലോക്കിൽ ഉൾപ്പെടുന്ന 6 പഞ്ചായത്തിലെ 120 വാർഡുകളിൽ ഒരു അങ്കണവാടി വീതം സ്മാർട്ട്‌ ആക്കാൻ ആണ് ലക്ഷ്യം.

ചടങ്ങിൽ വാർഡ് മെമ്പർ കെ. എം. അബ്‌ദുൾ ജലാൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം പി. എം. നാസ്സർ ,  ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ, പഞ്ചായത്ത്‌ അംഗങ്ങളായ കെ. ഇ. കുഞ്ഞുമുഹമ്മദ്‌, ഷംല നാസ്സർ, എ. കെ. സുലൈമാൻകുട്ടി, സി. കെ. പരീത്, വെങ്ങോല സഹകരണ ബാങ്ക് പ്രസിഡന്റ് എം. ഐ. ബീരാസ് തുടങ്ങിയവർ പങ്കെടുത്തു.

date