Skip to main content

മറ്റത്തൂർ വലിയതോടിന് പുനർജീവൻ

മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ അനേകായിരങ്ങളുടെ കുടിവെള്ള സ്രോതസ്സും കൃഷി ആശ്രയവുമായ വലിയതോട് നവീകരിക്കുന്നു. തുമ്പൂർമുഴിയിൽ നിന്നും ആരംഭിക്കുന്ന 18 കിലോമീറ്റർ നീളമുള്ള വലിയ തോടിന്റെ ഒന്നര കിലോമീറ്റർ ഭാഗമാണ് ആദ്യഘട്ടത്തിൽ നവീകരിക്കുക. ഇതിൽ 600 മീറ്റർ പൂർത്തീകരിച്ചു. മറ്റത്തൂർ പഞ്ചായത്ത് 50 ലക്ഷം രൂപയാണ് തോട് ശുചീകരണത്തിനായി വകയിരുത്തിയത്. നാലിടങ്ങളിൽ ബണ്ട് കെട്ടുന്നതിനായി വകയിരുത്തിയ തുകയിൽ ഉൾക്കൊള്ളിച്ചാണ് ഇപ്പോൾ ശുചീകരണം പുരോഗമിക്കുന്നത്.

23 വാർഡുകളിലെ ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന തോടാണ് മറ്റത്തൂർ വലിയതോട്.  കാലങ്ങളായി ശുചീകരിക്കാതെ കിടന്ന വലിയതോട് പലയിടങ്ങളിലും ചേറടിഞ്ഞ് കാട് മൂടി വീതി കുറഞ്ഞ അവസ്ഥയിലാണ്. പലയിടങ്ങളിലും വീതി കുറഞ്ഞ ഒഴുകുന്ന വലിയതോട് 6 മീറ്റർ വീതി വർദ്ധിപ്പിച്ചുകൊണ്ട് പൂർവ്വ സ്ഥിതിയിലാക്കുകയാണ് ലക്ഷ്യം. ചേറു കോരൽ, ഇരുവശങ്ങളിലെയും കാട് വെട്ടിമാറ്റൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നു. കുടിവെള്ള ആവശ്യത്തിന് പുറമേ സമീപ  പ്രദേശങ്ങളിലെ ജലസേചന ആവശ്യങ്ങൾക്കും വലിയതോട് ആശ്രയമാകാറുണ്ട്. ആറുവർഷം മുമ്പാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ഒടുവിൽ വലിയതോട് വൃത്തിയാക്കിയത്.

പാടശേഖരസമിതി, പഞ്ചായത്ത് അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ സംയുക്തമായാണ് തോട് നവീകരിക്കുന്നത്.

date