Skip to main content

അവലോകന യോഗം 

 

കുറ്റ്യാടി ബൈപ്പാസ്, കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ്, വടകര മാഹി കനാൽ പ്രവൃത്തികളുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ കലക്ടർ എ ഗീതയുടെ സാന്നിധ്യത്തിൽ കുറ്റ്യാടി എം എൽ എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, വിവിധ ഉദ്യോഗസ്ഥർ എന്നിവർ യോഗം ചേർന്നു.

കുറ്റ്യാടി ബൈപ്പാസ് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ട്രക്ചറൽ വാല്യൂവേഷൻ പൂർത്തിയായതായി തഹസിൽദാർ അറിയിച്ചു. ഈ പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് രണ്ട് ദിവസത്തിനകം സമർപ്പിക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കലക്ടർ നിർദേശം നൽകി. 19(1) നോട്ടിഫിക്കേഷനുള്ള നടപടികൾ സമയബന്ധിതമായി പുറപ്പെടുവിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.

കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡിൽ ശാസ്ത്രീയമായ ട്രാഫിക് പഠനത്തിന് ശേഷം, അപാകതകൾ പരിഹരിച്ച അലൈൻമെന്റ് പ്രകാരം അതിരുകൾ അടയാളപ്പെടുത്തുന്ന പ്രവൃത്തി നടന്നു വരികയാണെന്നും, സമയബന്ധിതമായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ  പൂർത്തിയാക്കുമെന്നും ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

വടകര മാഹി കനാൽ മൂഴിക്കൽ ഭാഗത്തുള്ള പ്രവൃത്തിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിക്കുള്ള നഷ്ടപരിഹാരം നൽകിയതായി ഡെപ്യൂട്ടി കലക്ടർ യോഗത്തിൽ അറിയിച്ചു. മറ്റുള്ള ഭാഗങ്ങളിൽ, സർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാനും തീരുമാനിച്ചു. വിവിധ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

date