Skip to main content

ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളില്‍ കേന്ദ്ര നീതി ആയോഗ് സംഘം സന്ദര്‍ശനം നടത്തി

കൊച്ചി: കേരളത്തിലെ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര നീതി ആയോഗ് സംഘം  ജില്ലയില്‍ സന്ദര്‍ശനം നടത്തി. ആയുര്‍വേദ മേഖലയില്‍ നിന്നും എറണാകുളം ജില്ലയിലെ എടവനക്കാട്, തൃക്കാക്കര ഗവ. ആയുര്‍വേദ ഡിസ്പെന്‍സറികളിലെ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളാണ് തെരഞ്ഞെടുത്തത്. 

ഹോമിയോയിലെ സന്ദര്‍ശനത്തിന് ആലപ്പുഴ ജില്ലയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. നാഷണല്‍ ആയുഷ് മിഷന്‍ ഫണ്ട് വഴിയാണ് ആയുര്‍വേദ ഹോമിയോ ഡിസ്‌പെന്‍സറികളെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളായി ഉയര്‍ത്തിയിരിക്കുന്നത്. ജില്ലയില്‍ ആയുര്‍വേദത്തില്‍ 22 ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളും ഹോമിയോയില്‍ 13 ഉം ഉള്‍പ്പടെ ആകെ 35 എണ്ണമാണ് നിലവിലുള്ളത്. സംസ്ഥാനത്ത് ആകെ 520 എണ്ണം ഉണ്ട്.

റിഷിത മുഖര്‍ജിയുടെ നേതൃത്വത്തില്‍ നേഹ ശര്‍മ്മ ഉള്‍പ്പെട്ട സംഘമാണ് ജില്ലയില്‍ സന്ദര്‍ശനം നടത്തിയത്. നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഡോ: പി.ആര്‍ സജി, ഡോ: ജയനാരായണന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ: എം.എസ്. നൗഷാദ്, വരാപ്പുഴ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ.എസ്. ജിന്‍സി എന്നിവര്‍ അനുഗമിച്ചു. തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍, വൈസ് ചെയര്‍മാന്‍ ഇബ്രാഹിംകുട്ടി, എടവനക്കാട്  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന അബ്ദുല്‍ സലാം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷൈനി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇക്ബാല്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കൊച്ചുത്രേസ്യ, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ: ലിഷാമോള്‍ കെ.എസ്, ഡോ: ആഷാമോള്‍ ടി.സി, ആശുപത്രി വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മാതൃ ശിശു ആരോഗ്യ സംരക്ഷണം, കൗമാര ആരോഗ്യം, വയോജന ആരോഗ്യം എന്നിവകള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള സ്വാസ്ഥ്യ എന്ന പേരിലെ കേരളത്തിലെ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളുടെ പ്രവര്‍ത്തനങ്ങളില്‍ ജീവിത ശൈലീ രോഗ നിയന്ത്രണവും പകര്‍ച്ചവ്യാധി പ്രതിരോധവും ഉള്‍പ്പെടുന്നു. യോഗയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് യോഗാ പരിശീലകരുടെ സേവനവും ഉറപ്പു വരുത്തുന്നു. വിവിധ രോഗങ്ങളുടെ സ്‌ക്രീനിങുകള്‍, നല്ല ആഹാരശീലങ്ങള്‍ എന്നിവയ്ക്കും ശ്രദ്ധ നല്‍കുന്നു.

date