Skip to main content

തീരസദസ്സ് ഗുരുവായൂരിൽ 9ന്

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഗുരുവായൂർ മണ്ഡലത്തിൽ നടത്തുന്ന തീരസദസ്സ് മെയ് 9ന് രാവിലെ 11ന് മണത്തല ഗവ. ഹയർ സെക്കന്ററി  സ്കൂളിൽ മത്സ്യബന്ധന സാംസ്കാരിക, യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കുമെന്ന് എൻ കെ അക്ബർ എംഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

എൻ കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു, പട്ടിക ജാതി പട്ടിക വർഗക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ തുടങ്ങിയവരുടെ വിശിഷ്ട സാന്നിദ്ധ്യമുണ്ടാകും.

അന്നേ ദിവസം രാവിലെ 9.30ന് മണത്തല ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പ്രത്യേകം സജ്ജീകരിച്ച ഹാളിൽ ജനപ്രതിനിധികളുമായും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ട്രേഡ് യൂണിയൻ നേതാക്കളുമായും ഫിഷറീസ് വകുപ്പ് മന്ത്രി ഗുരുവായൂർ മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളെ പറ്റി ചർച്ച നടത്തും. തീരപ്രദേശ മേഖലയിലെ മുതിർന്ന മത്സ്യത്തൊഴിലാളികളെയും തീരദേശ മേഖലയിൽ നിന്നും വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചിട്ടുള്ളവരെയും ആദരിക്കും. പുനർഗേഹം ഗുണഭോക്താക്കളുടെ ആധാര കൈമാറ്റം, സാഫ്, മത്സ്യഫെഡ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി എന്നിവയിലെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് ആനുകൂല്യ വിതരണം എന്നിവയും നടത്തും. തീരസദസ്സിനോടനുബന്ധിച്ച് വോയ്സ് ഓഫ് ചേഞ്ച്, അണ്ടത്തോട് ഒരുക്കുന്ന ഗസലും ഉണ്ടായിരിക്കും.

തീരദേശ ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി സത്വര പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ അവരിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരസദസ്സ് സംഘടിപ്പിക്കുന്നത്. ജനപ്രതിനിധികളും മത്സ്യത്തൊഴിലാളികളും പൗരപ്രമുഖരും ഉദ്യോഗസ്ഥരും തീരമേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ഒരുമിക്കുന്ന വേദിയാണ് തീരസദസ്സ്.

ചാവക്കാട് ന​ഗരസഭാ ചെയര്‍പേര്‍സണ്‍ ഷീജ പ്രശാന്ത്, പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രന്‍, ഫിഷറീസ് വകുപ്പ് ഉദ്യോ​ഗസ്ഥരായ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ജി അനിത, നോഡല്‍ ഓഫീസര്‍ പി മഞ്ജു ജോസ്, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍  ജോയ്സി ജേക്കബ്ബ്, അസിസ്റ്റന്റ് എക്റ്റന്‍ഷന്‍ ഓഫീസര്‍ ടോണി ജോസഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

date