Skip to main content

സംരംഭക വർഷം; വൻകുതിപ്പിനൊരുങ്ങി വെളിയന്നൂർ ഗ്രാമ പഞ്ചായത്ത്

 

കോട്ടയം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സംരംഭക വർഷം പദ്ധതിയിലൂടെ വെളിയന്നൂർ ഗ്രാമ പഞ്ചായത്തിൽ ആരംഭിക്കുന്ന ഒൻപത് സംരംഭങ്ങൾ മേയ്് ഒൻപതു രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും. പുതുവേലി സെന്റ് ജോസഫ് ക്‌നാനായ പള്ളി പാരിഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി അധ്യക്ഷത വഹിക്കും. പദ്ധതി വഴി ആരംിക്കുന്ന 116 സംരംഭങ്ങളിൽ ആദ്യ ഘട്ടത്തിൽ നിശ്ചയിച്ച ഒൻപതു പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്.
 ഒൻപത് സംരംഭങ്ങളിലൂടെ 42 കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിൽ ലഭിക്കും. പദ്ധതിയുടെ ഭാഗമായി എൽ.ഇ.ഡി നിർമാണ യൂണിറ്റ്, ഹോട്ടൽ, ഭക്ഷ്യോൽപന്ന നിർമാണ യൂണിറ്റുകൾ, ജൈവ വളം, വസ്ത്രങ്ങൾ, ഇടിയിറച്ചി,അച്ചാർ, ദോശമാവ് നിർമ്മാണയൂണിറ്റ് എന്നിവയ്‌ക്കൊപ്പം വെളിയന്നൂർ ബഡ്‌സ് സ്‌കൂളിലെ ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്കായ് കനിവ് പേപ്പർ പ്രൊഡക്റ്റ് യൂണിറ്റും പ്രവർത്തനം ആരംഭിക്കും.
 ഗ്രാമപഞ്ചായത്ത് ഭരണസമിതിയും, കുടുംബശ്രീ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും പല തവണ ആലോചനായോഗങ്ങൾ നടത്തി, ഏകദിന ശിൽപശാലകൾ സംഘടിപ്പിച്ച്,  പദ്ധതിയെക്കുറിച്ച് വിശദീകരിച്ച്  സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുള്ളവരെ തെരഞ്ഞെടുക്കുകയും രണ്ടാംഘട്ടമായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് പരിശീലനം നൽകിയും  ലൈസൻസ്/വായ്പ/സബ്സിഡി മേളകൾ സംഘടിപ്പിച്ചുമാണ് പദ്ധതി നടപ്പാക്കിയത്.
 പിറവത്തെ അഗ്രോ പാർക്കാണ്  സംരംഭകർക്ക് പരിശീലനം നൽകിയത്. പുതുവേലി കേരള ഗ്രാമീൺ ബാങ്കും പദ്ധതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. കുറഞ്ഞ പലിശയ്ക്ക് അഞ്ചുലക്ഷം രൂപ വരെ വായ്പ ബാങ്ക് ഉദ്യോഗസ്ഥർ സംരംഭക യോഗത്തിൽ അനുവദിച്ചുനൽകി.
 കോട്ടയം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി സംരംഭകരുടെ ബാങ്ക് വായ്പയുടെ 75 % തുക സബ്‌സിഡി ആയി നൽകി , മുപ്പത് ലക്ഷത്തി രണ്ടായിരത്തി എണ്ണൂറ്റി അറുപത്തിയൊന്ന് രൂപയാണ് ജില്ലാ പഞ്ചായത്ത് അനുവദിച്ചത് ഏകജാലക സമ്പ്രദായത്തിലൂടെ പഞ്ചായത്ത്  സംരംഭകർക്ക് ലൈസൻസ് ലഭ്യമാക്കി. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ. അർജുനൻപിള്ളയുടെ നേതൃത്വത്തിൽ വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ജി. അജിത്ത്കുമാറാണ് പദ്ധതിയുടെ കോർഡിനേറ്ററായി പ്രവർത്തിച്ചത്.

date