Skip to main content

ആരോരുമില്ലാത്ത നാരായണിക്ക് സർക്കാരിന്റെ കരുതൽ

 

ആരോരുമില്ലാതെ ഒറ്റക്കായിപ്പോയ എരവട്ടൂർ സ്വദേശിനി നാരായണിക്ക് സർക്കാരിന്റെ കരുതൽ ആശ്വാസമേകും. 23 വർഷം മുൻപ് നാരായണിയുടെ ഭർത്താവ് മരണപ്പെട്ടു. മക്കളില്ലാത്ത ഇവർ പലരുടെയും ആശ്രയത്തിലാണ് കഴിയുന്നത്. സർക്കാർ കൂടെയുണ്ട് എല്ലാ കാര്യങ്ങളും നടക്കും എന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നൽകിയ ഉറപ്പിലാണ് നാരായണി കൊയിലാണ്ടിയിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ നിന്ന് മടങ്ങിയത്.

നിത്യരോഗിയായ നാരായണിക്ക് ഒരു സെന്റ് ഭൂമിയോ വീടോ സ്വന്തമായി ഇല്ല. മുൻപ് ചെമ്പനോടയിൽ മൂന്നു സെന്റ് സ്ഥലം സർക്കാർ അനുവദിച്ചിരുന്നെങ്കിലും മറ്റൊരാൾ സഹായത്തിന് ഇല്ലാതെ ജീവിക്കാൻ സാധിക്കാത്ത സ്ഥലമായതിനാൽ അങ്ങോട്ട് പോവാൻ ക്യാൻസർ രോഗിയായ നാരായണിക്ക് സാധിച്ചിരുന്നില്ല. ഇവിടെ അനുവദിച്ച ഭൂമി പേരാമ്പ്ര പഞ്ചായത്തിലേക്ക് മാറ്റി നൽകണം എന്നാണ് നാരായണിയുടെ അപേക്ഷ.

നാരായണിയുടെ അപേക്ഷ പരിഗണിച്ച റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഇവർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. നിലവിലുള്ള പട്ടയം റദ്ദാക്കി അപേക്ഷയുടെ അർഹത പരിശോധിച്ചു മറ്റൊരു സൗകര്യപ്രദമായ സ്ഥലത്ത് തുല്യമായ ഭൂമി അനുവദിക്കാൻ മന്ത്രി ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി.

date