Skip to main content

പുന്നയൂർക്കുളം പഞ്ചായത്തിലെ എസ് ആർ ഒ കുടിവെള്ള പദ്ധതി ഉദ്ഘാടനം 20 ന്

പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ പനന്തറ- ഉരുളുമെൽ പ്രദേശത്തെ 120 ഓളം വരുന്ന ജനങ്ങളുടെ ദാഹമകറ്റുന്ന എസ് ആർ ഒ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം തുറമുഖ മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി  അഹമ്മദ് ദേവർകോവിൽ മെയ് 20 ന് വൈകീട്ട് നാലിന് നിർവ്വഹിക്കും . എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനാകും. പഞ്ചായത്ത് പ്രസിഡൻറ് ജാസ്മിൻ ഷഹീർ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഷിത കുണ്ടിയത്ത്, ജില്ല പഞ്ചായത്തംഗം അബ്ദുൾ റഹീം വീട്ടിപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് മുഹമ്മദുണ്ണി മന്നലാംകുന്ന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ നിഷാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഫാത്തിമ ലീനസ്, പ്രേമ സിദ്ധാർത്ഥൻ, ബ്ലോക്ക് - ഗ്രാമ പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
 
ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് ദേശീയ റർബ്ബൺ മിഷൻ എന്നീ ഫണ്ടുകളുപയോഗിച്ച്  50 ലക്ഷം രൂപ വിനിയോഗിച്ചാണ് എസ് ആർ ഒ (പനന്തറ ഉരുളുമ്മൽ ) കുടിവെള്ളപദ്ധതി പ്രാവർത്തികമാക്കിയത്. പഞ്ചായത്തിലെ 2018 - 19 സാമ്പത്തിക വർഷത്തെ പദ്ധതിയാണിത്.13, 14 വാർഡുകളിലെ കുടുംബങ്ങളുടെ നാലുവർഷത്തെ കാത്തിരിപ്പാണ് ഇവിടെ സഫലമാകുന്നത്.

2018 ൽ ആരംഭിച്ച കുടിവെള്ള പദ്ധതി പല സാങ്കേതിക കാരണങ്ങളാൽ നീണ്ടു പോകുകയായിരുന്നു. പഞ്ചായത്തിലെ മനുഷ്യസ്നേഹികളായ കയനയിൽ കുടുംബത്തിലെ ദിലീഫ് അലി, കമാൽ, ഫാറൂഖ് എന്നിവർ നൽകിയ അര സെൻറ് ഭൂമിയിലാണ് കുടിവെള്ളത്തിന് ആവശ്യമായ ടാങ്ക് നിർമ്മിച്ചത്. 25000 ലിറ്റർ ജലസംഭരണി ശേഷിയുള്ള ടാങ്ക് ഉരുളുമെൽ പ്രദേശത്താണ് നിർമ്മിച്ചിട്ടുള്ളത്. 

എസ് ആർ ഒ പദ്ധതിയിലെ ഗുണഭോക്താക്കൾ ചേർന്ന് കുടിവെള്ള പദ്ധതിയ്ക്ക് വേണ്ടി ഒരു കമ്മിറ്റി രൂപീകരിക്കുകയും  മന്ദലാംകുന്ന് കിണർ പ്രദേശത്ത്  4 ലക്ഷം മുടക്കി  2 സെന്റ് സ്ഥലം വാങ്ങി പഞ്ചായത്തിന് കൈമാറുകയും ചെയ്തിരുന്നു. ഇവിടെയാണ് കുഴൽ കിണറും മോട്ടോർ പുരയും സ്ഥാപിച്ചിട്ടുള്ളത്. ഗ്രൗണ്ട് വാട്ടർ അതോറിറ്റിയുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിലായിരുന്നു പ്രവർത്തനം . മൂന്ന് ഘട്ടങ്ങളായാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.

date