Skip to main content

ഡെങ്കിപ്പനി: ജില്ലയിൽ പ്രതിരോധം കൂടുതൽ ശക്തമാക്കും

 

ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കും. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് യോഗം വിലയിരുത്തി. വീടുകളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നതിനുള്ള സാഹചര്യം ഒഴിവാക്കണം.  ടെറസിലും അലങ്കാര ചെടികളിലും  പാഴ് വസ്തുക്കളിലും മറ്റും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. 

പോസിറ്റീവ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത വാർഡുകളിൽ സ്ക്വാഡുകളുടെ പ്രവർത്തനങ്ങൾ ശക്തമാക്കണം. ഇവിടെ ഫോഗിങ്ങും ഇൻഡോർ സ്പേസ് സ്പ്രേയും ശക്തമാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഫോഗിങ്ങും സ്രോതസ്സ് നശീകരണ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടത്തുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തണം.

പൊതുസ്ഥലങ്ങളിൽ മാലിന്യം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നതിനുള്ള സാഹചര്യം ഒഴിവാക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യണം. വിദ്യാലയങ്ങളിൽ വെള്ളിയാഴ്ചയും ഓഫീസുകളിൽ ശനിയാഴ്ചയും വീടുകളിൽ ഞായറാഴ്ചയും ഡ്രൈഡേ ആയി ആചരിക്കണം. ഡെങ്കിപ്പനി ബോധവൽക്കരണവുമായി ബന്ധപ്പെട്ട മൈക്ക് അനൗൺസ്മെൻ്റ് കൂടുതൽ ശക്തമാക്കണം.

2023 - ൽ ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട് എട്ട് മരണങ്ങളാണ് ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ പ്രവർത്തകരെ ഉടൻ വിവരമറിയിക്കണം. വാർഡ് കൗൺസിലർമാർ, ആശാവർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. പഞ്ചായത്തുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് തൊഴിലുറപ്പ് പ്രവർത്തകർ കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്താം. ആരോഗ്യപ്രവർത്തകരുമായി സഹകരിക്കണം.  

തദ്ദേശഭരണ സ്ഥാപനങ്ങൾ മാലിന്യ സംസ്കരണത്തിനും ഓടകള്‍ വൃത്തിയാക്കുന്നതിനും മറ്റും പ്രാധാന്യം നൽകണമെന്നും യോഗം വിലയിരുത്തി. 

കളക്ടറുടെ ക്യാമ്പ് ഓഫീസിൽ ചേർന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ കെ കെ ആശ, പഞ്ചായത്ത് സെക്രട്ടറിമാർ, പ്രോഗ്രാം ഓഫീസർമാർ, ആരോഗ്യവകുപ്പ് ജീവനക്കാർ, നാഷണൽ ഹെൽത്ത് മിഷൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

date