Skip to main content

കളമശ്ശേരി മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം: 269 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും - മന്ത്രി. പി രാജീവ്‌ 

 

ആലങ്ങാട് ഗ്രാമപഞ്ചായത്തിൽ 61.59 കോടി രൂപയുടെ ജലജീവൻ മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി

 കളമശ്ശേരി മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ശ്വാശത പരിഹാരം കാണുന്നതിന് 269 കോടി രൂപ ചെലവഴിച്ച് വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന് വ്യവസായി വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ജല ജീവന്‍ പദ്ധതി വഴി ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ആലങ്ങാട് ചിറയം റേഷൻകട ജംഗ്ഷനിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

 ജല ജീവൻ പദ്ധതി വഴി ആലങ്ങാട് ഗ്രാമപഞ്ചായത്തിൽ 61.59 കോടി രൂപയുടെ പദ്ധതിക്കാണ് തുടക്കമാകുന്നത്. പദ്ധതിയുടെ ഭാഗമായി പഴയ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കൽ പുതിയ ഗാർഹിക കണക്ഷനുകൾ നൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കും.  പഞ്ചായത്തിൽ 4000 ഗാർഹിക കണക്ഷനുകൾ നൽകും. മുപ്പത്തടം ജലശുദ്ധീകരണശാലയിൽ നിന്ന് ആലങ്ങാട് ജലസംഭരണിയിലേക്കുള്ള പഴയ 250 എ.സി പൈപ്പ് മാറ്റി പുതിയ 300 എം.എം.ഡി.ഐ പൈപ്പ് ലൈൻ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

 മുപ്പത്തടത്ത്  നിലവിലുള്ള ജലസംഭരണിയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.  ഇതിന് പ്രൊപ്പോസൽ തയ്യാറാക്കാൻ വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.  കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ 72 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും. കുന്നുകര- കരുമാലൂർ പദ്ധതിക്കായി 63.13കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ കുന്നുകര- കരുമാലൂർ പദ്ധതിയുടെ ഭാഗമായി ജലസംഭരണിയും ജലശുദ്ധീകരണശാലയും നിർമ്മിക്കുന്നതിന് കിഫ്ബിയിൽ നിന്ന് 53.13 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. മാഞ്ഞാലിയിലേക്കുള്ള എസി പമ്പ് ലൈനും, യുസി കോളേജിലേക്കുള്ള പൈപ്പ് ലൈനും മാറ്റി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

 കൊച്ചിൻ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം  കണ്ടെത്തിയ സാഹചര്യത്തിൽ സമഗ്രമായ ഇടപെടൽ നടത്തും. തോടുകളിലെയും പുഴയുടെ കൈവഴികളിലെയും എക്കലും ചെളിയും നീക്കുന്നതിന് ഓപ്പറേഷൻ വാഹിനി പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ തുടക്കമായിട്ടുണ്ട്. 20 ദിവസം കൊണ്ട് പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കും. വൃത്തിയാക്കിയ ജലാശയങ്ങളിൽ പായൽ വന്ന് അടിയുന്നത് തടയാൻ പഞ്ചായത്തുകളും റസിഡൻസ് അസോസിയേഷനുകളും ശ്രദ്ധ നൽകി പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്നും മന്ത്രി പറഞ്ഞു.

ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം മനാഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അഡ്വ. യേശുദാസ് പറപ്പള്ളി, കെ.വി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് ലതാ പുരുഷോത്തമൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനി സജീവൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ആർ ജയകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസക്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിൻസെന്റ് കാരിക്കശ്ശേരി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date