Skip to main content
 കൂട്ടിക്കലിലെ പ്രളയബാധിതർക്കായി കുടുംബശ്രീ പണിതു നൽകിയ നാലു വീടുകളുടെ താക്കോൽ ദാനം സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു

കൂട്ടിക്കലിലെ പ്രളയബാധിതർക്കുള്ള കുടുംബശ്രീയുടെ വീടുകൾ കൈമാറി

കോട്ടയം: സ്ത്രീകൾ മുന്നിട്ടിറങ്ങിയാൽ എന്തും നടത്തിയെടുക്കാനാവും എന്നതിന്റെ തെളിവാണ് കൂട്ടിക്കലിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഉയർന്ന വീടുകളെന്ന് സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കൂട്ടിക്കലിലെ പ്രളയബാധിതർക്കായി കുടുംബശ്രീ പണിതു നൽകിയ നാലു വീടുകളുടെ താക്കോൽ ദാനം കൂട്ടിക്കൽ ബഡായിൽ ഓഡിറ്റോറിയത്തിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വീടുകൾക്കായുള്ള പണം കണ്ടെത്തുന്നത് മുതൽ നിർമ്മാണം വരെ കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്ത്രീകളായിരുന്നു ചെയ്തത്.

കുടുംബശ്രീ ജില്ലാ മിഷൻ നേരിട്ട് നിർമ്മിച്ച് നൽകിയ മൂന്ന് വീടുകളുടെയും ഏറ്റുമാനൂർ നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ നിർമ്മിച്ച ഒരു വീടിന്റെയും താക്കോൽ ദാനമാണ് നടന്നത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷനായിരുന്നു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രകാശ് ബി. നായർ പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ വനിതാ കൺസ്ട്രക്ഷൻ യൂണിറ്റുകൾക്കുള്ള അംഗീകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും നിർമാണത്തിന് പരിശീലനം നൽകിയ എക്സാത്ത് ആലപ്പുഴയ്ക്കുള്ള അംഗീകാരം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷും നൽകി
 ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ്ജ്, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സിന്ധു, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് അഞ്ജലി ജേക്കബ്, കൂട്ടിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി ജോസ്, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രജനി സുധീർ, കെ.എസ്. മോഹനൻ, ജേക്കബ് ചാക്കോ, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.എസ്.സജിമോൻ, കെ.എൻ.വിനോദ്, എം.വി. ഹരിഹരൻ, ബിജോയ് ജോസ്, ആന്റണി അഗസ്റ്റിൻ, രജനി സലിലൻ, സൗമ്യ ഷെമീർ, അയ്യപ്പൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി കെ.കെ. സിന്ദുമോൾ, ഏറ്റുമാനൂർ നഗരസഭ സി.ഡി.എസ്. ചെയർപേഴ്സൺ അമ്പിളി ബേബി, കൂട്ടിക്കൽ കുടുംബശ്രീ ചെയർപേഴ്സൺ ആശ ബിജു, സി.ഡി.എസ്. അംഗങ്ങളായ ജലജ ഷാജി, ഉഷാ സോമരാജൻ, ബിന്ദു രവീന്ദ്രൻ, ജോളി ജോസഫ്, ഷീല വാസു, താര കുശൻ, സരസ്വതി ബാലകൃഷ്ണൻ, ജോമോൾ മനോജ്, ഗീത സുനിൽ, സുലോചന സുകുമാരൻ, ബിന്ദു ഷാജി എന്നിവർ പങ്കെടുത്തു.

 

date