Skip to main content

സാമൂഹ്യനീതി വകുപ്പ് വയോജന സർവേ നടത്തും: മന്ത്രി

        സാമൂഹ്യനീതി വകുപ്പ് വയോജനങ്ങളുടെ സർവേ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഇതിലൂടെ സംസ്ഥാനത്തെ വയോജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാനാണ് ശ്രമം. എല്ലാ വീടുകളിലും ഇതിന്റെ ഭാഗമായി ആളെത്തും. വയോജനങ്ങൾക്കായി ഒരു വയോജന കമ്മീഷൻ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു. മുതിർന്ന പൗരൻമാരോടുള്ള അതിക്രമങ്ങൾക്ക് എതിരെയുള്ള ബോധവത്ക്കരണ ദിനാചരണം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വയോജനങ്ങളെ പരിപാലിക്കുന്ന കെയർ ഗിവർമാർക്ക് ശാസ്ത്രീയ പരിശീലനം ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. കെയർഗിവർമാർക്കായി വ്യവസ്ഥാപിത നിയമം തയ്യാറാക്കും. ഇവരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കുള്ള കൃത്യമായ മാനദണ്ഡവും നടപ്പാക്കും. വയോജനങ്ങൾക്ക് മാനസിക ഉല്ലാസം നൽകുന്നതിനായി പല തദ്ദേശസ്ഥാപനങ്ങളിലും വയോജന ക്ളബുകൾ രൂപീകരിച്ചിട്ടുണ്ട്. ഇത്തരം സംവിധാനങ്ങൾ കേരളം മുഴുവൻ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും. ചായ കുടിച്ച് ഗ്ളാസ് വലിച്ചെറിയുന്നതു പോലെ മാതാപിതാക്കൾ ഉൾപ്പെടെയുള്ള വയോജനങ്ങളെ വലിച്ചെറിയുന്ന പ്രവണത സമൂഹത്തിൽ ശക്തിപ്പെടുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു. മാനവികമായ ആർദ്രതയും സ്നേഹവും ഹൃദയൈക്യവും ക്ഷയിച്ചു വരുന്ന കാലമാണിത്.

കേരളത്തിൽ സർക്കാരിന് കീഴിലുള്ള 16 വയോജന ഹോമുകളും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയെ മാതൃകാ ഭവനം ആക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വയോജന സേവനവും പദ്ധതികളും ഉൾക്കൊള്ളുന്ന കൈപ്പുസ്തകം മന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്തു. ഇതോടൊപ്പം വീഡിയോ പ്രകാശനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ ഗതാഗത മന്ത്രി അഡ്വ. ആന്റണിരാജു അധ്യക്ഷത വഹിച്ചു. സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ്ഡയറക്ടർ ചേതൻ കുമാർ മീണആസൂത്രണ ബോർഡ് അംഗം പ്രൊഫ. മിനി സുകുമാർതിരുവനന്തപുരം സബ് കളക്ടർ അശ്വതി ശ്രീനിവാസ്എൻ. അലി അബ്ദുള്ളഅമരവിള രാമകൃഷ്ണൻഡോ. അൻസാർവിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള വയോജനങ്ങൾഉദ്യോഗസ്ഥർവിദ്യാർത്ഥികൾ  തുടങ്ങിയവർ സംബന്ധിച്ചു.

പി.എൻ.എക്‌സ്. 2691/2023

date