Skip to main content

കുട്ടികളിൽ പൗരബോധം വളർത്താനുള്ള കാര്യങ്ങൾ പാഠ്യപദ്ധതിയിൽ ആലോചിക്കും: മന്ത്രി വി ശിവൻകുട്ടി

പൗരബോധം  എങ്ങനെ കുട്ടികളിൽ ഉളവാക്കാം എന്നത് പാഠ്യപദ്ധതി തയ്യാറാക്കുന്ന ഘട്ടത്തിൽ ആലോചിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പാറശാല മണ്ഡലത്തിലെ  സ്കൂളുകളിലെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ബഹുസ്വരമായ ഒരു സമൂഹത്തിൽ മതനിരപേക്ഷത, ജനാധിപത്യം തുടങ്ങിയ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെ വളർത്തിക്കൊണ്ടുവരാൻ സ്കൂൾ വിദ്യാഭ്യാസത്തിന് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. അതിനെല്ലാമുള്ള സാമൂഹികമായ അന്തരീക്ഷം വികസിപ്പിക്കാനുള്ള അവസ്ഥ ഉണ്ടാകണം. ഇതിനെല്ലാം പുതിയ പ്രായോഗിക പദ്ധതികൾ സമൂഹത്തിന്റെ പിൻബലത്തോടെ കൂടി രൂപീകരിക്കാൻ കഴിയണം. അതിനുള്ള പ്രവർത്തനത്തിലാണ്  പൊതുവിദ്യാഭ്യാസ വകുപ്പെന്നും അദ്ദേഹം പറഞ്ഞു.

 മണ്ഡലത്തിലെ  വെള്ളറട ജി.യു.പി.എസ്,  മൈലച്ചൽ ജി.എച്ച്.എസ്.എസ്, എന്നീ സ്കൂളുകളിൽ പുതിയ മന്ദിരങ്ങളുടെ നിർമ്മാണോദ്‌ഘാടനവും പെരുങ്കടവിള എൽ.പി.ബി.എസ്, പാറശാല ടൗൺ എൽ പി എസ്, ആലത്തോട്ടം ജി എൽ പി എസ് എന്നീ സ്കൂളുകളിൽ പുതിയ മന്ദിരങ്ങളുടെ ഉദ്ഘടനവുമാണ് മന്ത്രി നിർവഹിച്ചത്. ചടങ്ങുകളിൽ സി. കെ ഹരീന്ദ്രൻ  എം എൽ എ അധ്യക്ഷത വഹിച്ചു.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അടങ്കലിലാണ്  പെരുങ്കടവിള ഗവ.എൽ.പി.ബി.സ്കൂളിൽ പുതിയ മന്ദിരം പണിതുയർത്തിയത്. പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗവ. എൽ.പി.ജി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചത്. 50 ലക്ഷം രൂപ ചെലവിലാണ് പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗവ.എൽ.പി.എസ് ആലത്തോട്ടം സ്കൂളിൽ പുതിയ മന്ദിരം പണിതത്.

കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തിയാണ്  ആര്യൻകോട് ഗ്രാമ പഞ്ചായത്തിലെ മൈലച്ചൽ  ഹയർസെക്കന്ററി സ്കൂളിൽ പുതിയ ബഹുനില കെട്ടിടം പണിയുന്നത്. 1 കോടി 36 ലക്ഷം രൂപയാണ് ബജറ്റ്. വെള്ളറട ഗവ യു.പി സ്കൂളിൽ  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം പണിയുന്നത്.

date