Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ഇപിഎഫ് പരാതി പരിഹാര സമ്പർക്ക പരിപാടി 27ന്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട 'നിധി താങ്കൾക്കരികെ ജില്ല വ്യാപന പദ്ധതി' ഗുണഭോക്താക്കൾക്കായുള്ള പരാതി പരിഹാര സമ്പർക്ക പരിപാടി ജൂൺ 27ന് നടക്കും. കൂത്തുപറമ്പ് വലിയവെളിച്ചം കെഎസ്ഐഡിസി കോൺഫറൻസ് ഹാൾ, കാസർകോട് കലക്ടറേറ്റ് കോൺഫറൻസ് ഹാൾ എന്നിവിടങ്ങളിൽ രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പരിപാടി.
ഇപിഎഫ് അംഗങ്ങൾ, തൊഴിലുടമകൾ, ഇ പി എസ് പെൻഷണർമാർ, തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർക്ക് ഒരേ സമയം വിവര കൈമാറ്റവും പരാതി പരിഹാരവും ഈ പരിപാടിയിലൂടെ സാധിക്കും. പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം എത്തിച്ചേരുക. വെബ്സൈറ്റ്: www.epfindia.gov.in

പ്രവാസി പുനരധിവാസ വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നോർക്ക റൂട്ട്സുമായി ചേർന്ന് നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ വായ്പ പദ്ധതിക്ക് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സംരംഭകത്വ ഗുണമുള്ള യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 18നും 55 ഇടയിൽ പ്രായമുള്ള തൊഴിൽരഹിതർക്ക് അപേക്ഷിക്കാം. രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വന്ന പ്രവാസികൾക്ക് സ്വയംതൊഴിൽ തുടങ്ങാൻ പരമാവധി 20 ലക്ഷം വരെ വായ്പ ലഭിക്കും. വായ്പയുടെ 15 ശതമാനം എൻഡഡ് സബ്സിഡിയും തിരിച്ചടവ് മുടങ്ങാത്തവർക്ക് ആദ്യത്തെ നാല് വർഷം മൂന്ന് ശതമാനം പലിശ സബ്സിഡിയും ലഭിക്കും. കുടുംബ വാർഷികവരുമാനം അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെയുള്ളവർക്ക് പത്ത് ലക്ഷം രൂപയും, പത്ത് ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് 20 ലക്ഷം രൂപയുമാണ് പരമാവധി വായ്പ നൽകുക. തിരിച്ചടവ് കാലാവധി അഞ്ച് വർഷം. തെരഞ്ഞെടുക്കപ്പെടുന്നവർ കോർപ്പറേഷൻ നിബന്ധനകൾക്കനുസരിച്ച് ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ജില്ലാ ഓഫീസ്, എ കെ ജി ആശുപത്രിക്ക് സമീപം, തളാപ്പ് എന്ന വിലാസത്തിൽ ബന്ധപ്പെടുക. അപേക്ഷയോടൊപ്പം ജാതി, കുടുംബ വാർഷിക വരുമാനം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പും സമർപ്പിക്കണം. ഫോൺ. 0497 2705036, 9400068513.

ക്വട്ടേഷൻ

കണ്ണൂർ ഗവ എഞ്ചിനീയറിംഗ് കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലെ പ്രിന്റർ അറ്റകുറ്റപണി നടത്താൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 19ന് ഉച്ചക്ക് 12.30 വരെ. വെബ്സൈറ്റ്: www.gcek.ac.in. ഫോൺ. 0497 2780226

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവ ഐ ടി ഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന ഓട്ടോകാഡ്, ത്രീഡി സ്റ്റുഡിയോ മാക്സ്, റെവിറ്റ്, സ്‌കെച്ചപ്പ്, ഇന്റീരിയർ ഡിസൈനിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത. എസ് എസ് എൽ സി. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 15. ഫോൺ. 9447311257.

പട്ടയകേസുകളുടെ വിചാരണ മാറ്റി

ഇരിട്ടി, തലശ്ശേരി താലൂക്ക് ദേവസ്വം ലാന്റ് ട്രിബ്യൂണൽ ജൂൺ 15ന് നടത്താനിരുന്ന ദേവസ്വം പട്ടയകേസുകളുടെ വിചാരണ ജൂൺ 27 ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടർ(ഡി എം) അറിയിച്ചു.

വെറ്ററിനറി ബിരുദധാരികളുടെ നിയമനം

മൃഗസംരക്ഷണ വകുപ്പ് ജില്ലയിലെ ഇരിക്കൂർ, എടക്കാട്, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂർ, പാനൂർ, തലശ്ശേരി ബ്ലോക്കുകളിൽ രാത്രി കാലങ്ങളിൽ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനത്തിന് കരാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദവും, കെ വി സി രജിസ്ട്രേഷനുമുള്ളവർക്ക് ഒറിജിനൽ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും സഹിതം ജൂൺ 17ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. 90 ദിവസത്തേക്കാണ് നിയമനം. ഫോൺ. 0497 2700267.

ക്യാമ്പ് ഫോളോവർ, കുക്ക് നിയമനം

കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി എച്ച് ക്യു ക്യാമ്പിൽ ക്യാമ്പ് ഫോളോവർ തസ്തികയിലേക്കുള്ള രണ്ട് ഒഴിവുകളിലേക്കും കുക്ക് രണ്ട് ഒഴിവുകളിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂൺ 16ന് രാവിലെ 10.30ന്  മാങ്ങാട്ടുപറമ്പ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് കുക്ക് ഒഴിവിലേക്കുള്ള ഇന്റർവ്യൂവും, 11 മണിക്ക് ക്യാമ്പ് ഫോളോവർ തസ്തികയിലേക്കുള്ള ഇന്റർവ്യൂവും നടക്കും. 59 ദിവസത്തേക്കാണ് ക്യമ്പ് ഫോളോവർ നിയമനം. കുക്ക് തസ്തികയിൽ മുൻ പരിചയമുളളവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ അസ്സൽ തിരിച്ചറിയൽ രേഖ (വോട്ടർ ഐഡി/ആധാർ), പ്രവർത്തി പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം എത്തുക.

 

 വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചരപ്പുറം മുത്തപ്പന്‍ക്ഷേത്രം മുതല്‍ മുട്ടോളംപാറ റോഡ് വരെയും. താഴെചൊവ്വ പള്ളി മുതല്‍ സ്പ്രിംഗ് ഫീല്‍ഡ് വില്ല വരെയുമുള്ള ഭാഗങ്ങളില്‍ ജൂണ്‍ 15 വ്യാഴം രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

date