Skip to main content

വായനാ പക്ഷാചരണത്തിന് തുടക്കം

 

വായനയാണ് മനുഷ്യനെ പൂർണ്ണനാക്കുന്നത്- ഡോ. ബീന ഫിലിപ്പ്   

വായനാ പക്ഷാചരണത്തിന് ജില്ലയിൽ തുടക്കമായി.  ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു. വായനയാണ് മനുഷ്യനെ പൂർണ്ണനാക്കുന്നതെന്ന് മേയർ പറഞ്ഞു. കേവല വായനകൾ മാത്രം പോരെന്നും വായിച്ചതിനെ പറ്റി ചർച്ചകളും കുറിപ്പുകളും എഴുതണമെന്നും മേയർ പറഞ്ഞു. വായനയെ പോലെ പ്രധാനപെട്ട ഒന്നാണ് അറിവുള്ളവർ പറയുന്നത് കേൾക്കുക എന്നത്. പുതിയ തലമുറ ചുറ്റുമുള്ളവരെ കേൾക്കാനുള്ള സമയം കൂടി കണ്ടെത്തണമെന്നും മേയർ പറഞ്ഞു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി. വായനയാണ് അറിവിന്റെ വിശാല ലോകത്തിലേക്ക് മനുഷ്യനെ കൈപ്പിടിച്ചുയർത്തുന്നതെന്ന് അവർ പറഞ്ഞു. പുതിയ കാലത്ത് വായനയിലൂടെ  മാനവിക മൂല്യങ്ങൾ തിരിച്ചു പിടിക്കാൻ സാധിക്കണമെന്നും അവർ ഓർമിപ്പിച്ചു.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി മനോജ് കുമാർ, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രൻ, എക്സിക്യൂട്ടീവ് അംഗം കെ ചന്ദ്രൻ മാസ്റ്റർ, പി എൻ പണിക്കർ ഫൗണ്ടേഷൻ കൺവീനർ അഡ്വ. എം രാജൻ എന്നിവർ സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ സ്വാഗതവും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ഉദയൻ മാസ്റ്റർ നന്ദിയും പറഞ്ഞു. 

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്‌ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പി എൻ പണിക്കർ ഫൗണ്ടേഷൻ, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വായനാ പക്ഷാചരണം സംഘടിപ്പിക്കുന്നത്.

date