Skip to main content

കനാൽ സൗന്ദര്യവത്കരണം: ബ്ലോക്ക് തിരിച്ച് സംരക്ഷണ ചുമതല നൽകും

ആലപ്പുഴ:  നഗരത്തിലെ കൊമേഴ്‌സ്യൽ കനാൽ, വാടക്കനാൽ കരകൾ സൗന്ദര്യവത്ക്കരിച്ച് സംരക്ഷിക്കുന്നത് സംബന്ധിച്ച ആലോചനയോഗം കളക്ട്രേറ്റിൽ ചേർന്നു. നഗരത്തിലെ പ്രധാന കനാലുകളായ വാടക്കനാൽ, കോമേഴ്‌സ്യൽ കനാൽ. ലിങ്ക് കനാൽ എന്നി കനാൽ കരകൾ സൗന്ദര്യവത്കരിച്ചു സംരക്ഷിക്കേണ്ട പ്രാധാന്യത്തെ സംബന്ധിച്ചു ചർച്ച നടത്തി. സൗന്ദര്യവത്കരിച്ചു സംരക്ഷിക്കേണ്ട കനാൽ തീരങ്ങളുടെ ബ്ലോക്ക് തിരിച്ചുള്ള പ്ലാൻ മുസിരിസ് എം .ഡി യോഗത്തിൽ സമർപ്പിച്ചു .
കനാലുകളുടെ തീരങ്ങളിൽ വിസ്തൃതി ഉള്ള ഭാഗങ്ങൾക്കും വിസ്തൃതി ഇല്ലാത്ത ഭാഗങ്ങൾക്കും പ്രത്യേകമായ ഡിസൈൻ വേണമെന്നും യോഗത്തിൽ അംഗങ്ങൾ പറഞ്ഞു. കനാൽ തീരങ്ങൾ സംരക്ഷിക്കുവാൻ താത്പര്യം പ്രകടിപ്പിച്ച വ്യക്തികൾ /സ്ഥാപനങ്ങൾ തുടങ്ങിയവ യോഗം ചർച്ച ചെയ്തു.  
കനാൽ തീരങ്ങൾ സംരക്ഷിക്കുവാൻ താത്പര്യം പ്രകടിപ്പിച്ചവരുടെയും അതോടൊപ്പം കനാൽ തിരം സംരക്ഷിക്കുവാൻ സാമ്പത്തികമായി ശേഷിയുള്ള നഗരത്തിലെ പ്രധാനപ്പെട്ട കച്ചവട സ്ഥാപനങ്ങൾ/കമ്പനികൾ എന്നിവരുടെ പ്രതിനിധികളെ കളക്ട്രേറ്റ് ഹാളിൽ അടുത്തദിവസം വിളിച്ചു ചേർക്കണമെന്നും കനാൽ തിരത്തിന്റെ ഏതൊക്കെ സ്ഥലങ്ങൾ ഇവർക്ക് നൽകണമെന്ന് സംബന്ധിച്ച് വിശദമായ പ്ലാൻ തയ്യാറാക്കണമെന്നും  എം.എൽ.എമാരായ പി.പി.ചിത്ത രജ്ഞൻ, എച്ച്.സലാം എന്നിവർ ആവശ്യപ്പെട്ടു.
കനാലുകളുടെ സൗന്ദര്യവൽക്കരണ പദ്ധതിക്ക് ഉചിതമായൊരു പേര് നൽകണമെന്ന് ജില്ലാ കളക്ടർ ഹരിത വി.കുമാർ അഭിപ്രായപ്പെട്ടു. അതോടൊപ്പം നെഹ്‌റു ട്രോഫി വള്ളം കളിക്ക് മൂന്നോടിയായി സ്റ്റുഡൻറ് ഹെറിറ്റേജ് വോക് സംഘടിപ്പിക്കണമെന്നും കളക്ടർ പറഞ്ഞു.
ഹെറിറ്റേജ് വോക് മുസിരിസ് പ്രോജക്ട്‌സ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് നടത്താമെന്ന് മുസിരിസ് എം .ഡി വ്യക്തമാക്കി.  കമ്പനികൾ, വ്യാപാര സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചു ആഗസ്റ്റ് 5 തീയതി കളക്ട്രേറ്റ് ഹാളിൽ യോഗം ചേരും.
യോഗത്തിൽ മുസിരിസ് പ്രോജെക്ട്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ: മനോജ് കുമാർ, ഡി.ടി.പി.സി സെക്രട്ടറി അനൂപ് കുമാർ . കെ.ഐ.ഐ.ഡി.സി ഡെപ്യൂട്ടി ജനറൽ മാനേജർ ഹരൺ ബാബു, ഇൻകൽ സിനിയർ പ്രൊജക്റ്റ് ഡയറക്ടർ കെ. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു .

date