Skip to main content

നെഹ്റു ട്രോഫിക്കുള്ള ക്ഷണക്കത്തും ചുണ്ടൻവള്ള മാതൃകയും കുളവാഴയിൽ തീർത്ത് കോളേജ് വിദ്യാർഥികൾ

ആലപ്പുഴ: 69മത് നെഹ്റു ട്രോഫി വള്ളം കളിക്കുള്ള ക്ഷണക്കത്തും വിശിഷ്ടാതിഥികൾക്കുള്ള ചുണ്ടൻവള്ള മാതൃകയും കുട്ടനാട്ടിൽ തന്നെ സുലഭമായ കുളവാഴയിൽ നിന്നും.  ഇത് നിർമിച്ച് നൽകുന്നതാകട്ടെ ആലപ്പുഴ എസ് ഡി കോളേജ് വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പായ ഐകോടെക്. പൂർണ്ണമായും പാരിസ്ഥിതിക സൗഹാർദ്ദപരമായ ക്ഷണക്കത്താണ്  എന്നുള്ളതാണ് ഇതിന്റെ പ്രത്യേകതയെന്ന് നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറി കൂടിയായ സബ്കളക്ടർ സൂരജ് ഷാജി പറഞ്ഞു.  മത്സര ദിവസം എത്തുന്ന വിശിഷ്ട അതിഥികൾക്ക് കുളവാഴയുടെ ഉണങ്ങിയ തണ്ടിൽ നിന്നും നിർമ്മിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ മാതൃക സമ്മാനിക്കും. 
കുളവാഴയിൽ നൂതന പരീക്ഷണങ്ങൾ നടത്തി മികച്ച ഉൽപ്പനങ്ങൾ ഉണ്ടാക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പാണ്  എസ്.കോളേജിലെ ഐകോടെക്. കോളേജ് സുവോളജി വിഭാഗം മേധാവി ഡോ. ജി.നഗേന്ദ്രപ്രഭുവാണ് ഇതിന് നേതൃത്വം നൽകുന്നത്. കുളവാഴയിൽ നിന്ന് നിർമിച്ച ക്ഷണക്കത്ത് കൂടാതെ കുളവാഴയിൽ നിന്നുള്ള പേന, റൈറ്റിങ് പാഡ് എന്നിവയും ഇവർ അന്നേ ദിവസത്തേക്കായി തയ്യാറാക്കുന്നു. 
ഗവേഷക വിദ്യാർഥി അനൂപ് കുമാറാണ് ഐകോടെക്കിന്റെ സി ഇ ഒ. അധ്യാപികയായ ഡോ.പി ബിന്ദു, വിദ്യാർഥികൾ തുടങ്ങിയവർ പൂർണ്ണ പിന്തുണയോടെ പ്രവർത്തനങ്ങൾക്ക് കൂടെ ഉണ്ട്.

date