Skip to main content

മാലിന്യ സംസ്കരണത്തിനായി 706 പദ്ധതികൾക്ക് അംഗീകാരം നൽകി ജില്ലാ ആസൂത്രണ സമിതി

- 90.67 കോടി രൂപയുടെ പദ്ധതികൾ അംഗീകരിച്ചു

- ജില്ലയിൽ മാലിന്യമുക്തം നവകേരളം പദ്ധതിക്കായി 373.65 കോടി രൂപയുടെ പദ്ധതികൾ

- മാലിന്യ സംസ്കരണ പ്ലാന്റിന് വേണ്ടി സർക്കാർ പുറമ്പോക്ക് ഭൂമി കണ്ടെത്താൻ നിർദ്ദേശം

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ ഉൾപ്പെടുത്തി വാർഷിക പദ്ധതിക്ക് ഭേദഗതി അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതനുസരിച്ച് പുതുതായി 706 പദ്ധതികൾക്ക് ആയി 90.67 കോടി രൂപയുടെ പദ്ധതിക്ക് തൃശൂർ ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിലാണ് തീരുമാനം.

പ്രൊജക്ടുകൾ തയ്യാറാക്കുന്നതിന് 200 പേരടങ്ങിയ ജില്ലാതല മൊബൈൽ ഫെസിലിറ്റേഷൻ ടീം രൂപീകരിച്ചിരുന്നു. ഇവരുടെ നേതൃത്വത്തിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രോജക്ട് ക്ലിനിക്കുകൾ നടത്തുകയും ആസൂത്രണ സമിതിയുടെ സബ്കമ്മിറ്റികൾ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്.

2023 -24 വാർഷിക പദ്ധതി ആരംഭത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 2359 പ്രോജക്ടുകൾക്കായി 282.98 കോടി രൂപയുടെ പദ്ധതികളാണ് വകയിരുത്തിയിരുന്നത്. ഇത് ഉൾപ്പെടെ ജില്ലയിൽ മാലിന്യമുക്തം നവകേരളം പദ്ധതിക്കായി 373.65 കോടി രൂപയുടെ പദ്ധതികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കും.

ഇതിനുപുറമേ സോളിഡ് വേസ്റ്റ് മാനേജെന്റ് പ്രോഗ്രാം നഗരസഭകൾക്കും കോർപ്പറേഷനുമായി 105 കോടി 20 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പാക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തി മിനി എം.സി.എഫ്, എംസിഎഫ് ആർ എഫ് കമ്പോസ്റ്റ് ചിറ്റ്, സോക്പിറ്റ് എന്നിവയുടെ നിർമ്മാണ പ്രവർത്തികളും ഈ വർഷം ഏറ്റെടുക്കും.

മാലിന്യ സംസ്കരണ പ്ലാന്റിന് വേണ്ടി സർക്കാർ പുറമ്പോക്ക് ഭൂമി കണ്ടെത്തി ഒരാഴ്ചക്കുള്ളിൽ അറിയിക്കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി.

കോർപ്പറേഷൻ പരിധിയിൽ 25 സെന്റ്, മുൻസിപ്പാലിറ്റി പരിധിയിൽ 50 സെന്റ് പഞ്ചായത്ത് പരിധിയിൽ രണ്ട് ഏക്കർ വരെയും കൈമാറി നൽകുന്നതിന് ജില്ലാ കളക്ടർക്ക് അധികാരം നൽകി കൊണ്ടാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിനുവേണ്ടി ജില്ലാ ആസൂത്രണ സമിതിയുടെ പ്രത്യേക യോഗം ചേരും.

ഓഗസ്റ്റ് 14ന് മുൻപ് ഭൂമിയുടെ വിശദാംശങ്ങൾ, ഭൂമിയുടെ വിവരങ്ങൾ തുടങ്ങിയവ ആസൂത്രണ സമിതിയെ അറിയിക്കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ജില്ലാ ആസൂത്രണ സമിതി നിർദേശം നൽകി.

500 ഹരിത കർമ്മ സേനാംഗങ്ങൾക്ക് കുടുംബശ്രീയുടെ സഹായത്തോടുകൂടി ഡ്രൈവിംഗ് പരിശീലനം നടത്തുന്നതിനും തീരുമാനമായി. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ചുരുങ്ങിയത് 5 പേർക്കെങ്കിലും പരിശീലനം നൽകുന്നതിനാണു ലക്ഷ്യം വെക്കുന്നത്. ജില്ലയുടെ 16 ബ്ലോക്കുകളിലും ഡ്രൈവിംഗ് പരിശീലനം സംഘടിപ്പിക്കും.

ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ എ.ഡി. ജോസഫ്, സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം അനൂപ് കിഷോർ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

date