Skip to main content

മിഷന്‍ ഇന്ദ്രധനുഷ്: സമ്പൂര്‍ണ്ണ വാക്‌സിനേഷന് തുടക്കമായി

ആലപ്പുഴ: മിഷന്‍ ഇന്ദ്രധനുഷ് 5.0 സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ യഞ്ജത്തിന്റെ ജില്ലാതല ഉദ്ഘാടനം ആര്യാട് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി നിര്‍വഹിച്ചു.

പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തതും ഭാഗികമായി ലഭിച്ചതുമായ ഗര്‍ഭിണികള്‍ക്കും അഞ്ചു വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ്-5.0 (ഐ.എം.ഐ. 5.0) യജ്ഞം നടപ്പാക്കുന്നത്.  കുത്തിവെയ്പ്പിലൂടെ പ്രതിരോധിക്കാന്‍ കഴിയുന്ന രോഗങ്ങളില്‍ നിന്ന് കുട്ടികളെയും ഗര്‍ഭിണികളെയും സംരക്ഷിക്കാന്‍ ഇതിലൂടെ സാധിക്കും. ആശാപ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ വീടുകള്‍ സന്ദര്‍ശിച്ച് വാക്‌സിന്‍ എടുക്കാത്തതോ ഏതെങ്കിലും ഡോസ് എടുക്കാന്‍ വിട്ടുപോയിട്ടുള്ളതോ ആയവരെ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നത്. 

ആദ്യഘട്ടം ഓഗസ്റ്റ് ഏഴ് മുതല്‍ 12 വരെയാണ്. രണ്ടാംഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരെയും നടക്കും. പ്രായാനുസൃതമായ ഡോസുകള്‍ എടുക്കാന്‍ വിട്ടു പോയിട്ടുള്ള 23 മാസം വരെ പ്രായമുള്ള കുട്ടികള്‍, എം.ആര്‍ 1, എം.ആര്‍ 2, ഡി.പി.റ്റി. ബൂസ്റ്റര്‍, ഒ.പി.വി. ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കാന്‍ വിട്ടു പോയിട്ടുള്ള രണ്ടു മുതല്‍ അഞ്ചു വയസുവരെ പ്രായമുള്ള കുട്ടികള്‍, പൂര്‍ണമായോ ഭാഗികമായോ വാക്‌സിന്‍ എടുത്തിട്ടില്ലാത്ത ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.

സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഗുണഭോക്താക്കള്‍ക്ക് എത്തിച്ചേരാന്‍ സൗകര്യപ്രദമായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും വാക്‌സിനേഷന്‍ നല്‍കും. എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള ദുര്‍ഘട സ്ഥലങ്ങളില്‍ മൊബൈല്‍ ടീമിനെയും ഉറപ്പാക്കും. മീസില്‍സ് (അഞ്ചാം പനി), റൂബല്ല എന്നിവയ്ക്ക് പദ്ധതിയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കും. വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 

ചടങ്ങില്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിര തിലകന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജമുന വര്‍ഗീസ് ആരോഗ്യ സന്ദേശം നല്‍കി.  ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ബിജുമോന്‍, ജില്ല പഞ്ചായത്തംഗം അഡ്വ. ആര്‍. റിയാസ്, ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രജീഷ്, പഞ്ചായത്തംഗം സന്തോഷ് ലാല്‍, ജില്ല ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ. പാര്‍വതി പ്രസാദ്, ജില്ല സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. കോശി പണിക്കര്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗായത്രി, ആര്യാട് പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ.ഫ്രഷി, ഡി.പി.എച്ച്.എന്‍ (ഇന്‍ ചാര്‍ജ്) റംല, ബിനിത, ജില്ല മാസ് മീഡിയ ഓഫീസര്‍ (ഇന്‍ ചാര്‍ജ്) ജി. രജനി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ഐ. ചിത്ര എന്നിവര്‍ സംസാരിച്ചു.

date