Skip to main content

കൊയിലാണ്ടിയിൽ പൂത്തുലഞ്ഞ് ചെണ്ടുമല്ലി പൂപ്പാടം

 

ഓണത്തിന് അത്തപൂക്കളമൊരുക്കാൻ കൊയിലാണ്ടിയിലും ചെണ്ടുമല്ലി പൂപ്പാടം ഒരുങ്ങി. കൊയിലാണ്ടി നഗരസഭാ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പുളിയഞ്ചേരിയിലാണ് ചെണ്ടുമല്ലി കൃഷിപ്പാടം പൂത്തു വിടർന്നത്. പൂ കൃഷി വിളവെടുപ്പിനായി ഒരുങ്ങിയതോടെ ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ചെണ്ടുമല്ലികൾ കാണാൻ നൂറുകണക്കിന് ആളുകളാണ് തോട്ടത്തിൽ എത്തുന്നത്.

ചെണ്ടുമല്ലി കൃഷിയിൽ ഒരു പരീക്ഷണം നടത്തുക എന്ന ലക്ഷ്യവുമായിട്ടായിരുന്നു കൊയിലാണ്ടി നഗരസഭ നാലാം വാർഡിലെ പുളിയഞ്ചേരിയിൽ അയ്യപ്പാരി താഴെ ക്ലസ്റ്റർ മാരിഗോൾഡ് ഗ്രൂപ്പ് കൃഷി നടത്തിയത്. കൊയിലാണ്ടി നഗരസഭ കൃഷിഭവന്റെ സഹകരണത്തോടെ 40 സെന്റോളം സ്ഥലത്തായിരുന്നു കൃഷി ഒരുക്കിയത്. നഗരസഭയിൽ ആദ്യമായാണ് ഇത്തരത്തിൽ വലിയതോതിൽ പൂ കൃഷി ആരംഭിക്കുന്നത്. 

കൊയിലാണ്ടി കൃഷിഭവൻ ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി 10 പേരടങ്ങുന്ന ഫാർമേഴ്‌സ് ഇന്ററസ്റ്റെഡ് ഗ്രൂപ്പു രൂപീകരിച്ചാണ് പൂ കൃഷി ആരംഭിച്ചത്. 8 വനിതകളും 2 പുരുഷന്മാരുമൾപ്പെടുന്ന എഫ് ഐ ജി ആണ് മാരിഗോൾഡ്. കഴിഞ്ഞ വർഷങ്ങളിൽ പച്ചക്കറി കൃഷിയിലൂടെ ഓണത്തിന് മികച്ച വിളവെടുക്കാൻ കഴിഞ്ഞതാണ് ഇത്തവണ പൂ കൃഷി ചെയ്യാൻ പ്രചോദനമായത്.

ഓണക്കാലത്ത് സ്വന്തം സ്ഥലത്തു കൃഷിചെയ്ത പൂക്കൾ കൊണ്ട് അത്തപ്പൂക്കളം ഒരുക്കാമെന്ന ആഗ്രഹമാണ് ഇവരെ പൂ കൃഷി ചെയ്യാൻ പ്രേരിപ്പിച്ചത്. 2000 ചെണ്ടുമല്ലി തൈകൾ കൃഷിഭവൻ മുഖേന ഊരള്ളൂർ അഗ്രോ സർവീസ് സെന്ററിൽ നിന്നുമാണ് ലഭ്യമാക്കിയത്. പൂ കൃഷിക്ക് പിന്തുണയുമായി കൃഷി ഓഫീസർ വിദ്യയും സഹപ്രവർത്തകരുമുണ്ടായിരുന്നു.
പൂന്തോട്ടത്തിന് ബാക്റ്റീരിയൽ വാട്ടവും മഴയും നേരിട്ടപ്പോൾ കൊയിലാണ്ടി കൃഷിഭവന്റെ  ഇടപെടലിലൂടെയാണ്  പ്രതിസന്ധികളെ അതിജയിച്ചത്. തുടക്കം മുതലുള്ള കൃഷിഭവന്റെ സാങ്കേതിക ഉപദേശങ്ങളും കൃത്യമായ പരിപാലന മുറകളും ഫീൽഡ് തല പരിശോധനകളും ഈ കൃഷി വിജയിപ്പിക്കുന്നതിന് സഹായിച്ചതായി ഗ്രൂപ്പ് അംഗങ്ങൾ പറഞ്ഞു.

45 ദിവസത്തിനകം മൊട്ടുവിരിഞ്ഞ് 60 ദിവസം കൊണ്ടാണ് പൂക്കൾ വിരിഞ്ഞത്. പൂത്തുലഞ്ഞ ചെണ്ടുമല്ലിക്ക് ഓണ വിപണിയിൽ വില കിട്ടുമെന്ന പ്രതീക്ഷയിലാണ് എഫ് ഐ ജി ഗ്രൂപ്പ് അംഗങ്ങൾ. കൊയിലാണ്ടിയിലെ ഓണ വിപണിയിലും വീടുകളിലും പൂക്കൾക്കായി വിപണി കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവരിപ്പോൾ.

date