Skip to main content

കിസാൻ മേളയും കിസാൻ ഗോഷ്ഠിയും ഉദ്ഘാടനം ചെയ്തു

 

കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന കിസാൻ മേളയും കിസാൻ ഗോഷ്ഠിയും പനായി മാണിക്യം ചക്കിൽ കെ.എം സച്ചിൻ ദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ വിവിധ ഇനം മഞ്ഞൾ കൃഷി വ്യാപിപ്പിക്കുമെന്നും മഞ്ഞൾഗ്രാമം പദ്ധതി നടപ്പിലാക്കുമെന്നും എം.എൽ.എ പറഞ്ഞു. മഞ്ഞളിന്റെ ഉൽപാദനം, സംസ്കരണം, സംഭരണം, വിവിധ മഞ്ഞൾ അധിഷ്ഠിത മൂല്യ വർധിത ഉൽപന്നങ്ങളുടെ നിർമ്മാണം, വിപണനം എന്നിവയിൽ കർഷകർക്ക് പ്രത്യേക പരിശീലനം നൽകി കാർഷിക വരുമാനം വർധിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികളാണ് മണ്ഡലത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത അധ്യക്ഷത വഹിച്ചു. ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം ഉത്പാദിപ്പിച്ച ഉൽപ്പന്നങ്ങളുടെ ആദ്യ വില്പന ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. ജൈവ കാർഷിക ഉത്പന്നങ്ങൾ, മൂല്യ വർധിത ഉത്പന്നങ്ങൾ, ഉത്പാദന ഉപാധികൾ മുതലായവയുടെ പ്രദർശനവും വിപണനവും മേളയുടെ ഭാഗമായി നടന്നു. കെ.എ.യു വേങ്ങേരി അസിസ്റ്റന്റ് പ്രൊഫ.ആരതി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കാർഷിക പഠന ക്ലാസുകളും മുഖാമുഖവും, റിട്ട.കൃഷി ജോയിൻ ഡയറക്ടർ പി വിക്രമന്റെ നേതൃത്വത്തിൽ ജൈവകൃഷിയുടെ പ്രാധാന്യവും കൃഷി രീതികളും എന്ന വിഷയത്തിൽ സെമിനാറും നടന്നു.

ചെറുധാന്യങ്ങൾ പ്രാധാന്യവും -കൃഷി രീതികളും എന്ന വിഷയത്തെക്കുറിച്ച് കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയിന്റിസ്റ്റ് സി.കെ. തങ്കമണി ക്ലാസ് എടുത്തു. കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ ലിസി ആന്റണി പദ്ധതി വിശദീകരണം നടത്തി. മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മെമ്പർമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, കർഷകർ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ ബാലുശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.കെ മുഹമ്മദ് ഫൈസൽ സ്വാഗതവും ബാലുശ്ശേരി കൃഷി ഓഫീസർ എസ്.ശുഭശ്രീ നന്ദിയും പറഞ്ഞു.

date