Skip to main content

ഓണാഘോഷം കളറാക്കാൻ കനകക്കുന്ന് ഒരുങ്ങി; ട്രേഡ് ഫെയർ - ഭക്ഷ്യ സ്റ്റാളുകൾ ഇന്ന് (ഓഗസ്റ്റ് 24) മുതൽ

ആഗസ്റ്റ് 27 മുതല്‍ തലസ്ഥാനത്ത് നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യ സ്റ്റാളുകളും, ട്രേഡ് ഫെയറും ഇന്ന് (ഓഗസ്റ്റ് 24) പ്രവർത്തനം ആരംഭിക്കും. ഭക്ഷ്യ സ്റ്റാളുകളുടെ ഉദ്ഘാടനം വൈകിട്ട് 4 മണിക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി. ആര്‍ അനിലും ഓണം ട്രേഡ് ഫെയറിന്റെ ഉദ്ഘാടനം വൈകിട്ട് 4.30 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും നിർവഹിക്കും. കനകക്കുന്നിലെ സൂര്യകാന്തി പ്രദർശന ഗ്രൗണ്ടിലാണ് ഭക്ഷ്യ വ്യാപാര സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്.

13 സ്റ്റാളുകളിലായി കൊതിയൂറും രുചികളാണ് ഭക്ഷ്യ മേളയിൽ എത്തുന്ന വരെ കാത്തിരിക്കുന്നത്. കേരളത്തിന്റെ തനത് നാടൻ രുചികൾ, ഉത്തരേന്ത്യൻ രുചി വിഭവങ്ങൾ, ആദിവാസി ഗോത്ര വർഗ വിഭവങ്ങൾ തുടങ്ങിയവ ഭക്ഷ്യ മേളയുടെ പ്രധാന ആകർഷണമാകും. ജനപങ്കാളിത്തത്താൽ എല്ലാ വർഷങ്ങളിലെയും പോലെ ഓണം വരാഘോഷത്തിന്റെ മുഖ്യ ആകർഷണമാകും ഭക്ഷ്യ സ്റ്റാളുകൾ.

ട്രേഡ് ഫെയറിന്റെ ഭാഗമായി നൂറോളം പ്രദർശന സ്റ്റാളുകൾ ഇക്കൊല്ലവും കനകക്കുന്നിനെ സമ്പന്നമാക്കും.
കരകൗശല വസ്തുക്കൾ, ഗൃഹോപകരണങ്ങൾ, ഫർണിച്ചറുകൾ, പുസ്തകങ്ങൾ, ഫാൻസി സാധനങ്ങൾ, തുണിത്തരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങൾ വിലക്കുറവിൽ ഇവിടെ നിന്നും സ്വന്തമാക്കാം. രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ ട്രേഡ് ഫെയറും പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. വിവിധ സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, വ്യാപാരി വ്യവസായികൾ , ഇതര പ്രസ്ഥാനങ്ങൾ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെയാണ് ട്രേഡ് ഫെയർ പ്രവർത്തനം സാധ്യമാകുന്നത്.

ട്രേഡ് ഫെയർ എക്സിബിഷൻ കമ്മിറ്റി ചെയർമാൻ കെ.ആന്‍സലന്‍ എം.എൽ.എ, വി. കെ പ്രശാന്ത് എം.എൽ.എ, തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥികളാകും.

date