Skip to main content

ഡ്രൈവിംഗ് സ്‌കൂളിലെ വാഹനങ്ങൾക്ക്  ബോണറ്റ് നമ്പറുമായി മോട്ടോർ വാഹന  വകുപ്പ്

 

ബോണറ്റ് നമ്പറുകൾ ആർടിഒ വിതരണം ചെയ്തു

 

 

അംഗീകൃത ഡ്രൈവിംഗ് സ്‌കൂളിലെ വാഹനങ്ങൾക്ക്  ബോണറ്റ് നമ്പറുകളുമായി മോട്ടോർ വാഹന വകുപ്പ്. ബോണറ്റ് നമ്പർ ഇല്ലാതെ ഡ്രൈവിംഗ് പരിശീലനം നടക്കുന്നത് നടത്തുന്ന വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും. ബോണറ്റ് നമ്പറുകളുടെ വിതരണോദ്ഘാടനം കാക്കനാട് ടെസ്റ്റ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ജി. അനന്തകൃഷ്ണൻ നിർവഹിച്ചു.

റോഡ് സുരക്ഷയുടെ ഭാഗമായി ടൂവീലർ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ കർശനമായും ഹെൽമെറ്റ് ധരിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഡ്രൈവിംഗ് ടെസ്റ്റിന് എട്ട് എടുക്കുമ്പോൾ പോലും ഹെൽമറ്റ് ധരിക്കണം. സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ചതും ഒന്നാമത്തേതും ആയ ടെസ്റ്റ് ഗ്രൗണ്ടായി കണയന്നൂർ താലൂക്കിലെ ഗ്രൗണ്ട് മാറണമെന്നും അദ്ദേഹം പറഞ്ഞു. 

അനധികൃത ഡ്രൈവിംഗ് പരിശീലനം തടയുന്നതിന്റെ ഭാഗമായാണ് മോട്ടോർ വകുപ്പിന്റെ നേതൃത്വത്തിൽ വാഹനങ്ങൾക്ക് ബോണറ്റ് നമ്പറുകൾ നൽകുന്നത്.  ഡ്രൈവിംഗ് സ്കൂളുകളിൽ ചട്ടപ്രകാരം ലൈസൻസ് കരസ്ഥമാക്കാത്ത  വാഹനങ്ങൾ അനധികൃതമായി  പരിശീലനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ജില്ലയിലെ ഡ്രൈവിംഗ് സ്കൂളുകളിലെ വാഹനങ്ങളിൽ പരിശോധന നടത്തിയ ശേഷമാണ് വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ നൽകിയത്. ലൈസൻസുള്ള വാഹനങ്ങളിൽ പ്രത്യേക ബോണറ്റ് നമ്പറോടുകൂടിയ സ്റ്റിക്കറുകൾ മുൻഭാഗത്തും പുറകിലും പതിപ്പിക്കും. ഇതിലൂടെ അംഗീകൃത പരിശീലന വാഹനങ്ങൾ പൊതുജനങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കും.

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ വി ബിജു, വിവിധ ഡ്രൈവിംഗ് സ്കൂൾ പ്രതിനിധികൾ, ഡ്രൈവിംഗ് സ്കൂൾ പരിശീലകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date