Skip to main content

മൂവാറ്റുപുഴ നിർമ്മല കോളേജ് കവാടത്തിൽ  താത്ക്കാലിക ഗതാഗത പരിഷ്ക്കാരം

 

 മൂവാറ്റുപുഴ നിർമ്മല കോളേജ് കവാടത്തിൽ 
തുടർച്ചയായി അപകടം ഉണ്ടാകുന്നതായി ലഭിച്ച പരാതിയെ തുടർന്ന് താത്ക്കാലിക ഗതാഗത പരിഷ്ക്കാരം നടപ്പിലാക്കാൻ തീരുമാനമായി.കവാടത്തിൽ നിന്ന് ഇരുവശത്തേക്കും 30 മീറ്റർ അകലെ ബസ് സ്റ്റോപ്പ് മാറ്റുന്നതിനും കോളേജിൽ നിന്ന് പുറത്തേക്ക് വരുന്ന കുട്ടികൾക്ക് കാൽനട സഞ്ചാരത്തിന് ഉതകുന്ന തരത്തിൽ റോഡിന്റെ സൈഡിലൂടെ ബസ് സ്റ്റോപ്പിലേക്ക് സഞ്ചരിക്കുന്നതിന് നടവഴി നിർമ്മിക്കുന്നതിനും കോളേജ് പ്രവർത്തനാരംഭ സമയത്തും പ്രവർത്തനം അവസാനിക്കുന്ന സമയത്തും മുന്നിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ വേഗത കവാടത്തിന് സമീപം കുറയ്ക്കുന്നതിനും ആവശ്യമായ ക്രമീകരണം ചെയ്യുന്നതിനും തീരുമാനമായി.

തുടർച്ചയായി അപകടം ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെടുത്തി  കോളേജ് അധികൃതർ ജില്ലാകളക്ടർക്ക് പരാതി നൽകിയിരുന്നു. ആവശ്യമായ നടപടി എടുക്കുന്നതിന് മൂവാറ്റുപുഴ തഹസിൽദാരെ  ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേർത്താണ് അപകടങ്ങൾ കുറയ്ക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്.

 പോലീസിന്റെ സഹായത്തോടെ കോളേജിലെ എൻ സി സി കേഡറ്റുകൾക്ക് ആവശ്യമായ പരിശീലനം നൽകി ഗതാഗതം നിയന്ത്രിക്കാൻ യോഗം തീരുമാനിച്ചു. ഉടൻ തന്നെ ബസ് സ്റ്റോപ്പിനോട് ചേർന്ന് അപകട സൂചന നൽകുന്ന ലൈറ്റുകൾ സ്ഥാപിക്കുന്നതിനും കാഴ്ച്ച മറയുന്ന തരത്തിലുള്ള ബോർഡുകൾ, പരസ്യങ്ങൾ, വൃക്ഷങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിനും തീരുമാനമായി. തഹസിൽദാർ രഞ്ജിത്ത് ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  പിഡബ്ല്യുഡി (റോഡ്സ്) അസിസ്റ്റന്റ് എഞ്ചിനീയർ  ജൂലിൻ ജോസഫ്, മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ സിബി മോൻ ഉണ്ണി, മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ  പി ആർ ഒ  സിബി അച്ചുതൻ, ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഷെൽമി ജോൺസ്, ആവോലി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി.എ. മനോജ്, നിർമ്മല കോളേജ് പ്രിൻസിപ്പാൾ കെ.വി. തോമസ്., ഫാദർ ജോസ് പുള്ളോപ്പിള്ളിൽ, ഫാദർ. ജസ്റ്റിൻ.കെ. കുര്യാക്കോസ്, ഡെപ്യൂട്ടി തഹസിൽദാർ മോൻസി ചെറിയാൻ, വില്ലേജ് ഓഫീസർ  റ്റി.ആർ ചന്ദ്രസേനൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date