Skip to main content

പടിയൂർ പഞ്ചായത്തിലെ ചീപ്പ് നിർമാണം ഉടൻ തുടങ്ങാൻ കലക്ടറുടെ നിർദേശം

പടിയൂർ ഗ്രാമപഞ്ചായത്തിലെ കെഎൽഡിസി കനാലിനോട് ചേർന്നുള്ള രണ്ട് തോടുകൾ അടയ്ക്കുന്നതിനായി ചീപ്പ് നിർമിക്കുന്ന പ്രവൃത്തികൾ ഉടൻ തുടങ്ങാൻ ജില്ലാ കളക്ടർ നിർദേശം നൽകി. കനാലിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നുണ്ടായ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിൽ പടിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി 48 മണിക്കൂറിനുള്ളിൽ രണ്ടു തോടുകൾ അടയ്ക്കുന്നതിനായി ചീപ്പ് നിർമിക്കുന്ന പ്രവൃത്തികൾ പൂർത്തീകരിക്കണമെന്നും  നിർദ്ദേശം നൽകി.

ചീപ്പുകളുടെ സുരക്ഷ കാട്ടൂർ ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉറപ്പ് വരുത്തണമെന്നും നിർദ്ദേശിച്ചു. ചീപ്പ് സ്ഥാപിച്ച ശേഷം വെള്ളക്കെട്ടുള്ള പ്രദേശത്തെ വെള്ളം ഒഴുക്കി കളയുന്നതിനുള്ള നടപടികൾ ഇറിഗേഷൻ വകുപ്പും പടിയൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി ഫയർ ആന്റ് റസ്ക്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തണമെന്നും എസ് ഡി ആർ എഫ് ഫണ്ടിൽ നിന്നും ഇതിനുള്ള ഫണ്ട്
അനുവദിക്കാനും യോഗം തീരുമാനിച്ചു. കെ എൽ.ഡി.സി കനാലിൽ നിന്നും കോതറ കുളവുമായി ബന്ധപ്പെട്ട രണ്ട് പൈപ്പുകളുടെ ചോർച്ച നന്നാക്കി വെള്ളക്കെട്ട് ഒഴിവാക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. കുത്തുമാക്കൽ റെഗുലേറ്റർ
ഷട്ടറിന്റെ സുരക്ഷയ്ക്ക്  ജലനിരപ്പ് ക്രമീകരിക്കുന്നതിനുള്ള നടപടികൾ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്വീകരിക്കണമെന്ന് യോഗം അറിയിച്ചു.

date