Skip to main content

സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ ജില്ലാതല അവലോകന യോഗം  ഗോത്രവര്‍ഗ മേഖലകളില്‍ മുന്‍ഗണനാ കാര്‍ഡുകള്‍ക്ക് അര്‍ഹമായ ഭക്ഷ്യധാന്യം ഉറപ്പാക്കണം: ഭക്ഷ്യകമ്മീഷന്‍

ഗോത്രവര്‍ഗ മേഖലകളില്‍ മുന്‍ഗണനാ കാര്‍ഡുകള്‍ക്ക് അര്‍ഹമായ ഭക്ഷ്യധാന്യം ഉറപ്പാക്കണമെന്ന് ഭക്ഷ്യകമ്മീഷന്‍ ചെയര്‍മാന്‍ കെ വി മോഹന്‍ കുമാര്‍ പറഞ്ഞു.  
സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ജില്ലാതല അവലോകനയോഗം കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോത്രമേഖലകളില്‍ ജനനീ ജന്മരക്ഷ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ ട്രൈബല്‍ പ്രൊമോട്ടര്‍മാരെ ബോധവല്‍ക്കരിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
റേഷന്‍ കടകള്‍ മുഖേന ഭക്ഷ്യധാന്യങ്ങള്‍ തൂക്കി നല്‍കുമ്പോള്‍ തൂക്കുന്ന പാത്രത്തിന്റെ അളവ് ത്രാസില്‍ രേഖപ്പെടുത്തുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ ഭക്ഷ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
വനിതാ ശിശു വികസന വകുപ്പില്‍ ആവശ്യമായ ഗോതമ്പ് കൃത്യമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ പരാതി പരിഹാര ഓഫീസര്‍ കൂടിയായ എ ഡി എം കെ കെ ദിവാകരന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

2013ലെ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഭാഗമായി ജില്ലയിലെ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ റേഷന്‍ കടകളുടെ പ്രവര്‍ത്തനങ്ങള്‍, വനിത ശിശുവികസന വകുപ്പിനു കീഴില്‍ അങ്കണവാടികള്‍ക്കുള്ള പോഷകാഹാര വിതരണം, പൊതുവിദ്യാലയങ്ങളിലെ ഉച്ച ഭക്ഷണ, പ്രഭാത ഭക്ഷണ പദ്ധതികള്‍, ആദിവാസി മേഖലകളിലെ ജനനീ ജന്മ രക്ഷ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളാണ് യോഗത്തില്‍ അവലോകനം ചെയ്തത്.
സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം പി വസന്തം അധ്യക്ഷത വഹിച്ചു. എ ഡി എം കെ കെ ദിവാകരന്‍, തളിപ്പറമ്പ് ആര്‍ ഡി ഒ ഇ പി മേഴ്‌സി തുടങ്ങിയവര്‍ സംസാരിച്ചു.  ജില്ലാ സപ്ലൈ ഓഫീസര്‍ എം സുള്‍ഫിക്കര്‍, ഐ സി ഡി എസ് പ്രോഗ്രാം മാനേജര്‍ സി എച്ച് ബിന്ദു, ഡി ഡി ഇ എ പി അംബിക, അസി. ഫുഡ് ആന്റ് സേഫ്റ്റി കമ്മീഷണര്‍ കെ പി മുസ്തഫ, ഐ ടി ഡി പി അസി. പ്രൊജക്ട് ഓഫീസര്‍ കെ ബിന്ദു എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ വകുപ്പ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

date