Skip to main content

നവകേരള സദസ്സ്; ജില്ലയിലെ വേദികൾ മന്ത്രിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു

ഭരണം സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളുമായി കൂടുതൽ സംവദിക്കാനും ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും അടുത്തറിയാനും മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസ്സിന്റെ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വേദികൾ കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. പരിപാടിയുടെ സുഗമമായ നടത്തിപ്പിനും സ്ഥലത്ത് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമായാണ് മന്ത്രിയുടെ സന്ദർശനം. നവംബർ 27 മുതൽ 30 വരെയാണ് ജില്ലയിലെ 16 മണ്ഡലങ്ങളിലായി മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നത്. 

 

നവകേരള സദസ്സുകൾ സംഘടിപ്പിക്കുന്ന ജില്ലയിലെ പൊന്നാനി ഹാർബർ ഗ്രൗണ്ട്, എടപ്പാൾ സഫാരി പാർക്ക്, തിരൂർ ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ട്, താനൂർ ഉണ്യാൽ സ്റ്റേഡിയം, പരപ്പനങ്ങാടി അവുക്കാദർക്കുട്ടി നഹ മെമ്മോറിയൽ സ്റ്റേഡിയം, കാലിക്കറ്റ് സർവകലാശാല ഓപ്പൺ എയർ സ്റ്റേജ് ഓഡിറ്റോറിയം, കൊണ്ടോട്ടി കുട്ടൻകാവിൽ സ്റ്റേഡിയം, മഞ്ചേരി ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ട്, അരീക്കോട് പഞ്ചായത്ത് ഗ്രൗണ്ട്, എടക്കര ഗൈഡൻസ് സ്‌കൂളിന് സമീപത്തെ മുണ്ട ഗ്രൗണ്ട്, വണ്ടൂർ ബി.എം.സി ഹൈസ്‌കൂൾ ഗ്രൗണ്ട്, ചങ്കുവെട്ടി വിരാട് ഹോട്ടൽ പാർക്കിങ് ഗ്രൗണ്ട്, വേങ്ങര സബാഹ് സ്‌ക്വയർ, മലപ്പുറം എം.എസ്.പി എൽ.പി സ്‌കൂൾ ഗ്രൗണ്ട്, പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയം ഗ്രൗണ്ട്, മങ്കട ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്.

ഇതിൽ കൊണ്ടോട്ടിയിലെ നവകേരള സദസ്സ് വേദി ജി.വി.എച്ച് എസ് മേലങ്ങാടിയിലേക്ക് മാറ്റാൻ തീരുമാനിച്ചു.

 

വിവിധയിടങ്ങളിൽ പി. നന്ദകുമാർ എം.എൽ.എ, ജില്ലാ കലക്ടർ വി.ആർ വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. എം.കെ ജയരാജൻ, തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, മണ്ഡലം, പഞ്ചായത്തുതല സംഘാടക സമിതി ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

date