Skip to main content
ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലയാളഭാഷാ ദിനാചരണം ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര നിര്‍വഹിക്കുന്നു.

മലയാളഭാഷാ ദിനാചരണം ജില്ലാതല ഉദ്ഘാടനം നടന്നു

മലയാള ഭാഷ പല രീതിയില്‍ സംസാരിക്കുന്നവരാണ് പാലക്കാട്ടുകാരെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരോ രീതിയിലാണ് ഭാഷ കൈകാര്യം ചെയ്യുന്നത്. പരാതികളും പ്രശ്‌നങ്ങളും പറയുന്ന രീതിയും അതിനനുസരിച്ച് വ്യത്യസ്തമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലയാളഭാഷാ ദിനാചരണം ജില്ലാതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. തമിഴ് സംസ്‌കാരവും കൂടി കലര്‍ന്ന സംസ്‌കാരമാണ് പാലക്കാട്ടേത്. ഇന്നും പഴയ രീതിയില്‍ സംസാരിക്കുന്നവരാണ് ജില്ലയിലുള്ളതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജോലിയുടെ ഇടവേളകളില്‍ ഒരുമിച്ചിരുന്ന് സംസാരിക്കാനും ചര്‍ച്ചകള്‍ നടത്തുന്നതിനുമായി കലക്ടറേറ്റില്‍ നേരത്തെ ഉണ്ടായിരുന്ന ഡൈനിങ് ഹാള്‍, റിക്രിയേഷന്‍ ക്ലബ് തുടങ്ങിയവ പുനരാരംഭിക്കണമെന്നും അതിന് എ.ഡി.എമ്മും ഹുസൂര്‍ ശിരസ്തദാറും നേതൃത്വം നല്‍കണമെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
വിശിഷ്ടാതിഥിയായി പങ്കെടുത്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി ജേതാവുമായ ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഇംഗ്ലീഷ് ഉള്‍പ്പെടെ ഏത് ഭാഷ പഠിച്ചാലും മലയാളം മറക്കരുതെന്നും മാതൃഭാഷ ഹൃദയത്തിന്റെ ഭാഷയാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ എ.ഡി.എം. ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാതല ഭരണഭാഷാ പുരസ്‌കാരം ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് സി.എല്‍ സ്റ്റാര്‍വിനാണ് പുരസ്‌കാരം.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍ അധ്യക്ഷനായി. മലയാള ഭാഷ നോഡല്‍ ഓഫീസറും തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടറുമായ പി. സുനില്‍കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) സച്ചിന്‍ കൃഷ്ണ, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) റജി പി. ജോസഫ് എന്നിവര്‍ പങ്കെടുത്തു.
 

date