Skip to main content
 എന്റെ ഭവനം ലഹരി മുക്തം ഭവനസന്ദര്‍ശന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അടൂരില്‍ നിര്‍വഹിക്കുന്നു.

വായനയാവണം ലഹരി:  ഡപ്യൂട്ടി സ്പീക്കര്‍

വിദ്യാര്‍ഥികള്‍ക്ക് വായനയാവണം ലഹരിയെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. എന്റെ ഭവനം ലഹരി മുക്തം ഭവനസന്ദര്‍ശന പരിപാടിയുടെ ജില്ലാതലഉദ്ഘാടനം അടൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം മൂലം സമൂഹത്തില്‍ വിദ്യാര്‍ഥികളും യുവാക്കളും നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യുകയാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തെ ചെറുക്കുന്നതിനായി കലാലയങ്ങളില്‍ ബോധവത്ക്കരണ ക്ലാസുകള്‍ നടത്തുന്നു. കക്ഷി-രാഷ്ട്രീയ-മത-ജാതി ഭേദമന്യേ ലഹരിമുക്ത കേരളത്തിനായി കൂട്ടായ പരിശ്രമത്തിലൂടെയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നടത്തുന്ന ലഹരിമുക്ത പ്രവര്‍ത്തനങ്ങളുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി ജില്ലയില്‍ എക്സെസ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ഡോ. കെ എം ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കുടുംബശ്രീ ബാലസഭ, ബാലസംഘം എന്നിവരുടെ സഹകരണത്തോടെയാണ്  പരിപാടി സംഘടിപ്പിച്ചത്. വിദ്യാര്‍ഥികളില്‍ സന്ദേശം എത്തിക്കുന്നതിനായാണ് വീടുകളില്‍ എന്റെ ഭവനം ലഹരി മുക്തം സ്റ്റിക്കര്‍ പതിപ്പിക്കുന്നത്.
അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ ഇന്‍ചാര്‍ജ് എസ് ഷാജി പദ്ധതി അവതരിപ്പിച്ചു. ഡോ. കെ എം ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മാനേജിങ് ഡയറക്ടര്‍ റവ.ഫാ അലക്സാണ്ടര്‍ കൂടാരത്തില്‍, കൗണ്‍സിലര്‍ രജനി രമേഷ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ വത്സലാകുമാരി, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി എ സലീം, വിമുക്തി മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീയ്ക്കല്‍, അടൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ബിജു എം ബേബി, കെ പി ഉദയഭാനു, അയൂബ്ഖാന്‍, എം ആര്‍ ലതിക, കുടുംബശ്രീ ബാലസഭയിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date