Skip to main content
മാതൃഭാഷയെ സംരക്ഷിക്കുകയെന്നാൽ സംസ്‌കാരത്തെ സംരക്ഷിക്കുന്നതിന് തുല്യം- ജില്ല കളക്ടർ  -കുട്ടികൾക്കൊപ്പം കവിത ചൊല്ലിയും കഥ പറഞ്ഞും കവി കുരീപ്പുഴ

മാതൃഭാഷയെ സംരക്ഷിക്കുകയെന്നാൽ സംസ്‌കാരത്തെ സംരക്ഷിക്കുന്നതിന് തുല്യം- ജില്ല കളക്ടർ -കുട്ടികൾക്കൊപ്പം കവിത ചൊല്ലിയും കഥ പറഞ്ഞും കവി കുരീപ്പുഴ

ആലപ്പുഴ: മാതൃഭാഷ സംരക്ഷണം ഓരോ വ്യക്തിയും സ്വയം ഏറ്റെടുക്കേണ്ടതാണെന്ന് ജില്ല കളക്ടർ ജോൺ വി.സാമുവൽ. കേരളപ്പിറവി ദിനാഘോഷവും ഭരണഭാഷ വാരാഘോഷത്തിന്റെയും ജില്ല തല ഉദ്ഘാടനം ആലപ്പുഴ സെന്റ് ജോസഫ്സ് വിമൻസ് കോളേജിൽ നിർവഹിക്കുകയായിരുന്നു കളക്ടർ. ഏറ്റവും ശക്തമായ ഭാഷയാണ് മലയാളം. ഭാഷയെ സംരക്ഷിക്കുന്നത് സംസ്‌കാരത്തെ സംരക്ഷിക്കുന്നതിന് തുല്യമാണ്. വിശേഷ ദിവസങ്ങളിൽ മാത്രമല്ല ഭാഷയെ ഓർക്കേണ്ടതെന്നും ഭാഷ നമ്മളിൽ അലിഞ്ഞ് ചേർന്നിരിക്കണമെന്നും കളക്ടർ പറഞ്ഞു. 
 
കഥ പറഞ്ഞും കവിത ചൊല്ലിയും കവി കുരീപ്പുഴ

കേരളപ്പിറവി ദിനത്തിൽ കുട്ടികൾക്കൊപ്പം കഥ പറഞ്ഞും നാടൻ പാട്ട് പാടിയും കവിത ചൊല്ലിയും കവി കുരീപ്പുഴ ശ്രീകുമാർ. സെന്റ് ജോസഫ്സ് വിമൻസ് കോളേജിൽ ഭരണഭാഷാ വാരാചരണത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കുരീപ്പുഴ.   
മഹാബലിയും പരശുരാമനും തമ്മിലുള്ള യുദ്ധത്തിന്റെ കഥ പറഞ്ഞു തുടങ്ങിയ കവി കുരീപ്പുഴ പിന്നീട് കുട്ടികൾക്കായി നാടൻ പാട്ടുകൾ പാടാൻ തുടങ്ങിയപ്പോൾ വായിത്താരിയുമായി കുട്ടികളും കൂടെ കൂടി. കേരള സംസ്ഥാന രൂപീകരണത്തിന്റെ ചരിത്രവും കുട്ടികൾക്കായി അദ്ദേഹം പറഞ്ഞു കൊടുത്തു. പുരാണങ്ങൾ ഉൾപ്പടെ എല്ലാത്തിനെയും അപഗ്രഥന വിധേയമാക്കണം. എന്തിനെയും ചോദ്യം ചെയ്യാൻ കുട്ടികൾക്ക് കഴിയണം. ഇന്ത്യയിൽ ഏറ്റവുമധികം വായനശാലകൾ ഉള്ള സംസ്ഥാനം കേരളമാണെന്നും കവി പറഞ്ഞു. തുടർന്ന് ഫാത്തിമ തുരുത്ത് എന്ന കവിതയും ചൊല്ലി.

ചടങ്ങിൽ ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡന്റ് അലിയാർ എം. മാക്കിയിൽ അധ്യക്ഷത വഹിച്ചു. മലയാള ഭാഷയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് വയലാർ ഗോപാലകൃഷ്ണൻ, പ്രൊഫ. അമൃത എന്നിവരെ ചടങ്ങിൽ കളക്ടർ ജോൺ വി സാമുവൽ ആദരിച്ചു. ജില്ല ഭരണകൂടവും ജില്ല ഇൻഫർമേഷൻ ഓഫീസും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.  ഐ ആന്റ് പിആർഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, സെന്റ് ജോസഫ്‌സ് വിമൻസ് കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് വി.എസ് സുലീന, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ് സുമേഷ്, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ. വി രതീഷ്, മലയാള വിഭാഗം അധ്യക്ഷ ജ്യോതി ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികളും ഇതോടനുബന്ധിച്ച് അരങ്ങേറി. 

date