Skip to main content

വേദികളിൽനിന്ന് വേദികളിലേക്ക് ഇലക്ട്രിക് ബസിൽ സൗജന്യമായി പോകാം

കേരളീയം കാണാൻ തലസ്ഥാനത്തെത്തുന്ന സന്ദർശകർക്ക് സൗജന്യ യാത്രയൊരുക്കി ഗതാഗതകമ്മിറ്റി. കവടിയാർ മുതൽ കിഴക്കേകോട്ട വരെയുള്ള കേരളീയത്തിന്റെ പ്രധാനവേദികൾ ഉൾപ്പെടുന്ന മേഖലയിൽ വൈകിട്ട് ആറുമണി മുതൽ രാത്രി പത്തുമണിവരെ കെഎസ്ആർടിസി ഇലക്ട്രിക് സ്വിഫ്റ്റ് ബസുകളിലാണ് സൗജന്യയാത്ര ഒരുക്കിയിട്ടുള്ളത്. ഇതിനായി 20 ബസുകളാണ് കെഎസ്ആർടിസിയിൽനിന്നു ലഭ്യമാക്കിയിട്ടുള്ളത്.

ആദ്യ രണ്ടു ദിവസങ്ങളിലായി കേരളീയത്തിന്റെ വിവിധ വേദികളിൽ എത്തിയ ആറായിരത്തി അഞ്ഞൂറോളം പേർക്ക് യാത്രാസൗകര്യം ഒരുക്കാൻ ഇതുവഴി സാധിച്ചതായി കേരളീയം ഗതാഗത കമ്മിറ്റി അറിയിച്ചു. ആദ്യ ദിനമായ നവംബർ ഒന്നിന് കിഴക്കേകോട്ട മുതൽ കവടിയാർ വരെ 10 ബസ്സുകൾ 36 സർവീസുകളും കവടിയാർ മുതൽ കിഴക്കേകോട്ട വരെ 10 ബസുകൾ 25 സർവീസുകളുമാണ് നടത്തിയത്. രണ്ടാം ദിവസം തിരക്ക് കണക്കിലെടുത്ത് അഞ്ചു ബസുകൾ കൂടി അനുവദിച്ചു. ശനിഞായർ ദിവസങ്ങളിൽ തിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ സർവീസ് അനുവദിക്കുമെന്നും ഗതാഗത കമ്മിറ്റി അറിയിച്ചു.

കേരളീയത്തിന്റെ വിവിധ വേദികളിൽ നടക്കുന്ന പരിപാടികൾ സംബന്ധിച്ച അറിയിപ്പ് ബസിനുള്ളിലെ ടിവിയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ വിവിധ വേദികളിലേക്കെത്താൻ എവിടെ എത്തണം എന്നത് സംബന്ധിച്ച റൂട്ടു മാപ്പും ബസിനുള്ളിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഓരോ ബസിലും  ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്. കേരളീയവുമായി ബന്ധപ്പെട്ട ഭക്ഷണവോളണ്ടിയർട്രേഡ് ഫെയർ കമ്മിറ്റികൾക്ക് ആവശ്യമായ ബസുകളും ഗതാഗത കമ്മിറ്റിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പി.എൻ.എക്‌സ്5254/2023

 

date