Skip to main content

നിവേദ്യ കദളി ഹൽവയുമായി മറ്റത്തൂർ സഹകരണ സൊസൈറ്റി

വർഷങ്ങളായി ഗുരുവായൂർ ക്ഷേത്രത്തിലെ നിവേദ്യത്തിനായി കൃഷി ചെയ്യുന്ന കദളി പഴത്തിൽനിന്നു നിർമിച്ച പ്രത്യേക നിവേദ്യ കദളി ഹൽവയുമായി തൃശൂരിലെ മറ്റത്തൂർ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി. ടാഗോർ തിയറ്ററിൽ ഒരുക്കിയ സഹകരണ വകുപ്പിന്റെ പവലിയനിൽ ആണ് നിവേദ്യ കദളി ഹൽവയുള്ളത്.

2009 മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിവേദ്യത്തിനായി ദിവസം 4,000 കദളി പഴങ്ങളാണ് സൊസൈറ്റി നൽകിവരുന്നത്. കദളിവനം എന്ന പദ്ധതിയ്ക്ക് കീഴിൽ കർഷകർ ജൈവ വാഴകൃഷിയിലൂടെ ഉൽപ്പാദിപ്പിക്കുന്ന പഴങ്ങളാണ് ക്ഷേത്രത്തിൽ നൽകുന്നത്. നൂറിൽപ്പരം കർഷകരാണ് തൃശൂർ ജില്ലയിലെ വിവിധയിടങ്ങളിൽ ഈ പദ്ധതിയിൽ കൃഷിയിറക്കുന്നത്. ക്ഷേത്രത്തിനു നൽകിയശേഷം വരുന്ന പഴങ്ങൾ ഉപയോഗിച്ചാണ് രണ്ടു വർഷം മുൻപ് ഹൽവ നിർമിച്ചു തുടങ്ങിയത്. നിവേദ്യ കദളി ഹൽവ ഹിറ്റായതോടെ ആവശ്യക്കാരും ഏറി.

'കോവിഡിന് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ പഴം നൽകുന്നത് താൽക്കാലികമായി നിർത്തിയിരുന്നു. എന്നാൽ അടുത്ത ജനുവരി മുതൽ വിതരണം പുനരാരംഭിക്കാൻ തീരുമാനമായിട്ടുണ്ട് : സ്റ്റാളിലെ ഫീൽഡ് സ്റ്റാഫ് ലിജോ പി.വി പറഞ്ഞു. കദളി പഴത്തിന് പുറമെ ശർക്കരയാണ് ഹൽവയിലെ പ്രധാന ചേരുവ. അരക്കിലോ നിവേദ്യ കദളി ഹൽവയ്ക്ക് 170 രൂപയാണ് വില.

പി.എൻ.എക്‌സ്5255/2023

 

date